അധ്യാപക തസ്തികകൾ ക്രമരഹിതമായി അംഗീകരിച്ച് നൽകുന്നു; അപേക്ഷനിരസിച്ചിട്ടും അധ്യാപകർ ശമ്പളമില്ലാതെ പഠിപ്പിക്കുന്നു
text_fieldsതിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. അധ്യാപക തസ്തികകൾ ക്രമരഹിതമായി അംഗീകരിച്ച് നൽകുന്നു. മൂവാറ്റുപുഴജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിൽ 48 -ഉം, മണ്ണാർക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിൽ 35-ഉം, ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിൽ 34-ഉം, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിൽ 25-ഉം അധ്യാപക തസ്തികകൾ ക്രമരഹിതമായി അംഗീകരിച്ച് നൽകിയതായി വിജിലൻസ് കണ്ടെത്തി.
കോതമംഗലം ജില്ല വിദ്യാഭ്യാസ ഓഫീസിന് കീഴിൽ വരുന്ന ഒരു എയ്ഡഡ് സ്കൂളിലെ അപ്പർ പ്രൈമറി ക്ലാസുകളിലേയ്ക്ക് 2019-ൽ നടത്തിയ മൂന്ന് അനധികൃത അധ്യാപകനിയമനം ക്രമവൽക്കരിച്ച് നൽകുന്നതിന് സമർപ്പിച്ച അപേക്ഷ ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിരസിച്ചിട്ടും അധ്യപകർ ശമ്പളമില്ലാതെ ഈ സ്കൂളിൽ പഠിപ്പിക്കുന്നതായി വിജിലൻസ് കണ്ടെത്തി.
കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിലെ ചില എയ്ഡഡ് സ്കൂളുകളിലും അധ്യാപകർ ഇതുപോലെ ജോലി ചെയ്യുന്നു. അധ്യാപകർ അംഗീകാരവും ശമ്പളവുമില്ലാതെ ജോലി നോക്കുന്നത് പിന്നീട് സർക്കാരിൽ നിന്നും മുൻകാലപ്രാബല്യത്തോടെ അംഗീകാരം നേടിയെടുക്കുന്നതിനാണെന്നും വിജിലൻസിന് വിവരം ലഭിച്ചു. അതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതാണെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
ഭിന്നശേഷിക്കാർക്കുള്ള നിയമനത്തിന് എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് സമന്വയ സോഫ്റ്റ് വെയ്ർ വഴി വിവരങ്ങൾ അപ് ലോഡ് ചെയ്യണമെന്ന സർക്കാർ നിർദേശം ഉണ്ടായിട്ടും പല എയ്ഡഡ് സ്കൂൾ മാനേജ്മെന്റുുകളും അതിൽ വീഴ്ച വരുത്തുന്നതായും വിജിലൻസ് കണ്ടെത്തി.
ഇത് കൂടാതെ സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എൽ.പി..യു.പി വിഭാഗത്തിൽ 2020, 2021, 2022 എന്നീ കാലയളവുകളിൽ 2190 റിവിഷൻ അപ്പീൽ പെറ്റീഷനുകളും ഹൈസ്കൂൾ വിഭാഗത്തിൽ 387 റിവിഷൻ അപ്പീൽ പെറ്റീഷനുകളും ഉൾപ്പെടെ ആകെ 2577 ഫയലുകൾ തുടർ നടപടികൾ സ്വീകരിക്കാതെ സൂക്ഷിച്ചിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി.
ഓരോ അധ്യയനവർഷവും അധികമായി വരുന്ന ഡിവിഷനുകൾക്ക് ആനുപാതികമായി അനുവദിക്കുന്നതിന് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ സമർപ്പിക്കുന്ന അപേക്ഷകൾ ജില്ലാ വിദ്യഭ്യാസ ഓഫീസുകളിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലിക്കായി വച്ച് താമസിപ്പിക്കുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
അധ്യാപക, അനധ്യാപകരുടെ പി.എഫ്, വാർഷിക ഇൻക്രിമെന്റ്, ഇൻക്രിമെന്റ് അരിയർ, ഡി.എ അരിയർ, ലീവ് സെറ്റിൽമെന്റ് എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകളിലും നടപടികൾ സ്വീകരിക്കാതെ മാസങ്ങളോളം ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ സെക്ഷനുകളിൽ വച്ച് താമസിപ്പിക്കുന്നു. പല ബില്ലുകളും മാസങ്ങൾ കഴിഞ്ഞാണ് പാസാക്കിയിട്ടുള്ളതെന്നും എന്നാൽ ചില അപേക്ഷകളിൽ ത്വരിതഗതിയിൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി. സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ മേഖലയിലെ അധ്യാപക -അനധ്യാപക നിയമനവുമായി ബന്ധപ്പെട്ടും മറ്റുമുള്ള വിവിധ അപേക്ഷകളിൽ വരും ദിവസങ്ങളിലും വിശദമായ പരിശോധന തുടരുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്എന്നിവിടങ്ങളിലെ എയ്ഡഡ് സ്കൂൾ അധ്യപക/അനധ്യാപക നിയമനവുമായി ബന്ധപ്പെട്ടും നിയമനം ക്രമവത്ക്കരിക്കൽ, മാനേജ്മെന്റിന് ലഭിക്കുന്ന ഗ്രാന്റുകൾ പാസാക്കി കൊടുക്കൽ, പുതിയ തസ്തിക സൃഷ്ടിക്കൽ, ശമ്പള നിർണ്ണയം, പി.എഫ് ലോൺ പാസാക്കൽ, വിവിധ തരം ലീവുകൾ സെറ്റിൽ ചെയ്ത് പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കൽ എന്നിവക്ക് വേണ്ടി ചില ഉദ്ദ്യോഗസ്ഥർ അഴിമതി നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെരാവിലെ 11 മുതൽ സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും വിജിലൻസ്സംസ്ഥാനതല മിന്നൽ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.