ഇടുക്കി റിസർവ് വനത്തിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന തേക്ക് മരങ്ങൾ മുറിച്ചു കടത്തി
text_fieldsഇടുക്കി: ഇടുക്കിയിൽ റിസർവ് വനത്തിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ചു കടത്തി. മലയാറ്റൂർ റിസർവിന്‍റെ ഭാഗമായ നഗരംപ്പാറ ഓഡിറ്റ്-ഒന്ന് ഭാഗത്താണ് സംഭവം. ലക്ഷങ്ങൾ വില വരുന്ന മൂന്ന് മരങ്ങൾ കടത്തിയതെന്നാണ് വിവരം.
നേര്യമംഗലത്ത് നിന്ന് ഇടുക്കിക്ക് പോകുന്ന പ്രധാന പാതയോട് ചേർന്നുള്ള ഭൂമിയിലെ തേക്ക് മരങ്ങളാണ് മുറിച്ച് കടത്തിയത്. നഗരംപ്പാറ ഓഡിറ്റ്-ഒന്ന് ഭാഗത്തെ ഉൾ വനത്തിൽ മുറിച്ച തേക്കിന്‍റെ കുറ്റികളും അവശിഷ്ടങ്ങളും കാണാം.
സെപ്റ്റംബർ മാസത്തിലാണ് മരം മുറിച്ചതെന്നാണ് കണ്ടെത്തൽ. എന്നാൽ, ഇക്കാര്യം വനം വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുന്നത് ഒക്ടോബറിലാണ്. തുടർന്ന് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, കുറ്റവാളികളെ കണ്ടെത്താൻ ഇതുവരെ വനം വകുപ്പിന് സാധിച്ചിട്ടില്ല.
പനംകുട്ടി ഭാഗത്ത് രണ്ടും നേര്യമംഗലം തലക്കോട് ഭാഗത്തും വനം വകുപ്പിന്‍റെ ചെക്ക്പോസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പനംകുട്ടി, നേര്യമംഗലം ചെക്ക് പോസ്റ്റുകൾ വഴിയെ മരം പുറത്തെത്തിക്കാൻ സാധിക്കൂ. എന്നാൽ, പനംകുട്ടിക്കും നേര്യമംഗലത്തിനും ഇടയിലുള്ള റോഡിലൂടെ മരം കൊണ്ടു പോയിരിക്കാമെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം.
ജന സഞ്ചാരമുള്ള റോഡിലൂടെ തേക്ക് മരങ്ങൾ കടത്തി കൊണ്ടു പോയത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ ആകാമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.