ഫാത്തിമക്ക് സന്തോഷക്കണ്ണീർ; റഹീം ജന്മദേശത്തേക്ക്
text_fieldsഫറോക്ക്: കാരാഗൃഹവാസം അവസാനിച്ച് കാരുണ്യക്കടൽ കടന്ന് റഹീം ഒടുവിൽ ജന്മദേശത്തേക്ക്... മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയായി സുമനസ്സുകൾ കൈമാറിയ അകമഴിഞ്ഞ സഹായവും ഉമ്മയുടെ കണ്ണീരോടെയുള്ള പ്രാർഥനയും അബ്ദുൽ റഹീമിനെ മരണമുഖത്തുനിന്ന് ജീവിതപ്പാതയിലേക്ക് നയിച്ച് പുതുവെളിച്ചം തീർക്കുന്നു. മകന്റെ വരവോർത്ത് ഫാത്തിമക്ക് സന്തോഷം അടക്കാനാകുന്നില്ല. ആഹ്ലാദം അതിരുകടക്കുമ്പോഴുള്ള ആ സന്തോഷക്കണ്ണീരിൽ അലിയുകയാണവർ.
വലിയ സമ്പാദ്യമുണ്ടാക്കി തിരിച്ചുവരുമെന്നു പറഞ്ഞ് ഉമ്മയോട് യാത്രപറഞ്ഞ് 18 വർഷം മുമ്പ് ഏഴാം കടലിനക്കരക്ക് പറന്നതാണ് അബ്ദുൽ റഹീം. നാട്ടിൽ ഡ്രൈവർ പണിയെടുത്താൽ കിട്ടുന്നതിനെക്കാൾ കൂടുതൽ പണം ലഭിക്കാനുള്ള ഉത്തമ മാർഗം ഗൾഫ് രാജ്യങ്ങളാണെന്ന സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ചായിരുന്നു 26ാം വയസ്സിൽ റഹീം സൗദിയിലേക്ക് പറന്നത്.
റിയാദിൽ അറബി കുടുംബത്തിന്റെ ഡ്രൈവറായി ജോലിയെടുക്കുന്നതിനിടെ സുഖമില്ലാത്ത അവരുടെ മകൻ മരിക്കാനിടയായ സാഹചര്യത്തിൽ റഹീമിനെതിരെ കേസെടുക്കുകയും ഒടുവിൽ വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു.
വധശിക്ഷ ഒഴിവാക്കാൻ സൗദി കുടുംബം ചോദിച്ച 34 കോടിയെന്ന സംഖ്യ കേട്ടതോടെ ഒരിക്കലും ഒരുനോക്കുകൂടി ഇനി മകനെ കാണാൻ കഴിയില്ലെന്ന് ഉറച്ചു വിശ്വസിച്ചിരിക്കുമ്പോഴായിരുന്നു ഫാത്തിമക്കു മുന്നിൽ കാരുണ്യ കടാക്ഷമായി 34 കോടി ഒഴുകിയെത്തിയത്.
ഇന്ത്യയിലെയും അറബ് രാജ്യങ്ങളിലെയും മഹാമനസ്കരായ ജനങ്ങളുടെ അകമഴിഞ്ഞ സാമ്പത്തിക സഹായം ദിവസങ്ങൾക്കുള്ളിൽ വന്നെത്തിയത് രാജ്യത്തുതന്നെ ആദ്യ സംഭവമായിരുന്നു. സാമ്പത്തികമായി സഹായിച്ചവർക്കും റഹീമിന്റെ മോചനത്തിനായി പ്രാർഥിച്ചവർക്കും പടച്ചവന്റെ കൃപയുണ്ടാകട്ടെയെന്ന് ഫാത്തിമ സന്തോഷപൂർവം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.