വീണ്ടും ഇ-പോസ് ചതിച്ചു; റേഷൻ വിതരണം സ്തംഭിച്ചു
text_fieldsതിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം മുടങ്ങി. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ കീഴിലുള്ള ഡേറ്റ സെന്ററിലെ ആധാർ ഓതന്റിക്കേഷനുസഹായിക്കുന്ന എ.യു.എ സർവറില്‍ തകരാർ സംഭവിച്ചത്.
വ്യാപാരികളുടെ പരാതിയെ തുടർന്ന് ഐ.ടി മിഷന് ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഉച്ചയായിട്ടും ബയോമെട്രിക് ഓതന്റിക്കേഷന് പൂർവസ്ഥിതിയിലെത്തിക്കാൻ സാധിച്ചില്ല. ഇതോടെ വെള്ളിയാഴ്ച ഉച്ചക്കുശേഷം സംസ്ഥാനത്തെ 14,161 റേഷൻകടകളും സർക്കാർ നിർദേശപ്രകാരം അടച്ചിട്ടു.
വെള്ളിയാഴ്ച രാവിലെ മുതൽ ആയിരക്കണക്കിന് കാർഡുടമകളാണ് സാധനങ്ങൾ വാങ്ങാൻ കടകളിലെത്തിയത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ എല്ലാവരും നിരാശരായി മടങ്ങി. സാധാരണ മാസാവസാനങ്ങളിലാണ് ഇ-പോസ് സാങ്കേതിക തകരാർ ജനങ്ങളെ വട്ടംകറക്കുന്നതെങ്കിൽ ഇത്തവണ മാസാദ്യം തന്നെ സാങ്കേതിക പ്രശ്നം ഉണ്ടായത് ഭക്ഷ്യവകുപ്പിന് തലവേദനയായി.
വൈകിട്ടോടെ തകരാർ പരിഹരിച്ചതായും ശനിയാഴ്ച മുതൽ റേഷൻ കടകൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ഒക്ടോബർ അവസാനവും ആധാര്‍ ഓതന്റിക്കേഷനിലുണ്ടായ തകരാർ കാരണം റേഷൻ വിതരണം സ്തംഭിച്ചിരുന്നു. തുടർന്ന് ഒക്ടോബറിലെ റേഷൻ വിതരണം നവംബർ രണ്ടുവരെ നീട്ടിയാണ് ഭക്ഷ്യവകുപ്പ് താൽക്കാലികാശ്വാസം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.