ഭൂമിയുടെ പാട്ടക്കരാര്‍ ഉറപ്പിക്കുന്നതിലെ സാങ്കേതിക തടസ്സം; കൊണ്ടോട്ടിയില്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷനുള്ള കാത്തിരിപ്പ് നീളുന്നു
text_fieldsകൊണ്ടോട്ടി: വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി വിതരണത്തിലെ പ്രശ്നങ്ങളും നിരന്തരം വെല്ലുവിളിയാകുന്ന കൊണ്ടോട്ടിയില്‍ കെ.എസ്.ഇ.ബിയുടെ 33 കെ.വി സബ് സ്റ്റേഷന് സ്ഥാപിക്കാനുള്ള നടപടികള്‍ സാങ്കേതിക കാരണങ്ങളാല്‍ അനന്തമായി നീളുന്നു. വൈദ്യുതി നിലയത്തിനായി തുറക്കലിലെ ചെമ്മലപ്പറമ്പില്‍ 21.96 സെന്റ് സ്ഥലം പാട്ടവ്യവസ്ഥയില്‍ കെ.എസ്.ഇ.ബിക്ക് കൈമാറാന്‍ കൊണ്ടോട്ടി നഗരസഭ ധാരണപത്രം നല്കി രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഭൂമി കെ.എസ്.ഇ.ബി ഏറ്റെടുക്കുക്കുന്നത് സംബന്ധിച്ച സാങ്കേതിക കുരുക്കുകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ വൈകുകയാണ്. 7.25 കോടി രൂപയുടെ പദ്ധതിയാണ് അനുമതി ലഭിച്ചിട്ടും നടപ്പാകാതെ വൈകുന്നത്.
ചെമ്മലപ്പറമ്പില്‍ നഗരസഭയുടെ അധീനതയിലുള്ള സ്ഥലം 99 വര്‍ഷത്തെ പാട്ടവ്യവസ്ഥയില്‍ കെ.എസ്.ഇ.ബിക്ക് കൈമാറാനാണ് നഗരസഭ തീരുമാനമെടുത്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2022 നവംബര്‍ 14ന് നഗരസഭ അധികൃതര്‍ കെ.എസ്.ഇ.ബിക്ക് ധാരണപത്രവും കൈമാറി. എന്നാല്‍, തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ഭൂമി പാട്ടക്കരാറില്‍ കെ.എസ്.ഇ.ബി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ നീളുന്നതാണ് നഗരത്തില്‍ അനിവാര്യമായ പദ്ധതിക്ക് തടസ്സമാകുന്നത്.
ഇക്കാര്യത്തില്‍ വകുപ്പുതലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയും പിന്നീട് കലക്ടറുടെ നേതൃത്വത്തില്‍ വിഷയം പരിശോധിച്ച് പാട്ടവ്യവസ്ഥയില്‍ ഭൂമി ഏറ്റെടുക്കുന്നതിലെ സാങ്കേതിക നടപടികള്‍ ലഘൂകരിക്കാൻ ധാരണയാകുകയും ചെയ്തിരുന്നു. നഗരസഭയുടെ ഭൂമി കെ.എസ്.ഇ.ബി നേരിട്ട് പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാറാണ് നയപരമായ തീരുമാനം കൈക്കൊള്ളേണ്ടത്. ഇതാണ് വര്‍ഷം രണ്ട് കഴിഞ്ഞിട്ടും നീണ്ടുപോകുന്നത്.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളവും സംസ്ഥാന ഹജ്ജ് ഹൗസും, നിരവധി വ്യാപാര, വ്യവസായ സ്ഥാപനങ്ങളുമുള്ള കൊണ്ടോട്ടി നഗര പരിധിയിലേക്ക് നിലവില്‍ കിഴിശ്ശേരി 110 കെ.വി സബ് സ്റ്റേഷനില്‍നിന്ന് 11 കെ.വി ഓവര്‍ ഹെഡ് ലൈനിലൂടെയാണ് വൈദ്യുതി വിതരണം. കിലോമീറ്ററുകള്‍ താണ്ടി വൈദ്യുതിയെത്തിക്കുമ്പോള് പ്രസരണ നഷ്ടവും ലൈനിലെ കേടുപാടുകളും സബ് സ്റ്റേഷനിലെ അറ്റകുറ്റപ്പണികളുമെല്ലാം നഗരപ്രദേശത്തെ വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കുന്നത് പതിവാണ്.
നിരവധി ഗാര്‍ഹിക ഗുണഭോക്തക്കളുമുള്ള കൊണ്ടോട്ടിയില്‍ വോള്‍ട്ടേജ് ക്ഷാമവും കടുത്ത പ്രതിസന്ധിയാണ്. ഇതിനെല്ലാം ശാശ്വത പരിഹാരമെന്ന നിലയിലാണ് കൊണ്ടോട്ടി കേന്ദ്രീകരിച്ച് 33 കെ.വി സബ് സ്റ്റേഷന് എന്ന ആശയം വിഭാവനം ചെയ്തത്. കിഴിശ്ശേരിയില്നിന്നുള്ള വൈദ്യുതി വിതരണം നിലച്ചാല്‍ വിമാനത്താവളത്തിലും കൊണ്ടോട്ടി നഗരത്തിലും വൈദ്യുതി ലഭ്യമാക്കാന്‍ നിലവില്‍ ബദല്‍ സംവിധാനങ്ങളേതുമില്ല. വേനല്‍ ആരംഭിക്കുന്നതോടെ പോയ വര്‍ഷങ്ങളിലെല്ലാം കൊണ്ടോട്ടി മേഖലയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നു. വേനല്‍ ആരംഭിക്കാനിരിക്കെ പ്രശ്ന പരിഹാരത്തിന് അടിയന്തര ഇടപെടല്‍ നടത്തി നിര്‍ദ്ദിഷ്ട കെ.എസ്.ഇ.ബി സബ് സ്റ്റേഷന് കൊണ്ടോട്ടിയില്‍ യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.