ജോയൻറ് ആർ.ടി.ഒ തസ്തികക്ക് സാങ്കേതിക യോഗ്യത അനിവാര്യമാക്കി
text_fieldsതിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ സർവിസ് റൂള്‍ ഭേദഗതിക്ക് നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സാേങ്കതിക പരിജ്ഞാനമില്ലാത്തവർ ചില തസ്തികകളിൽ ജോലി ചെയ്യുന്നെന്ന ആക്ഷേപത്തിെൻറ പശ്ചാത്തലത്തിലാണിത്. ജോയൻറ് ആർ.ടി.ഒ തസ്തികക്ക് സാങ്കേതിക യോഗ്യതകൂടി അനിവാര്യമാണെന്ന് വ്യക്തമാക്കി ഗതാഗത സെക്രട്ടറി ഉത്തരവിറക്കി.
സ്പെഷല്‍ റൂള്‍ അന്തിമമാകുന്നതോടെ സാങ്കേതിക യോഗ്യതയില്ലാത്തവർ സ്ഥാനക്കയറ്റത്തിലൂടെ ജോയൻറ് ആർ.ടി.ഒ പദവിയിലെത്തുന്ന സാഹചര്യം ഇല്ലാതാകും. ഓട്ടോമൊബൈല്‍ എൻജിനീയറിങ് ഡിപ്ലോമയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും പൊലീസ് ഓഫിേസഴ്സ് പരിശീലനവും കഴിഞ്ഞവരെയാണ് േമാട്ടോര്‍ വെഹിക്കിൾ ഇന്‍സ്പെക്ടര്‍മാരായി നിയമിക്കുന്നത്. ഇവരുടെ പ്രൊമോഷന് തസ്തികയാണ് ജോയൻറ് ആർ.ടി.ഒ. വകുപ്പില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് സീനിയര്‍ സൂപ്രണ്ടാകുന്നവര്‍ക്കും ജോയൻറ് ആർ.ടി.ഒമാരായി ഇപ്പോൾ സ്ഥാനക്കയറ്റം ലഭിക്കുന്നുണ്ട്.
ശമ്പള കമീഷെൻറ കാര്യക്ഷമത റിപ്പോര്‍ട്ടില്‍ സാങ്കേതിക യോഗ്യതയില്ലാത്തവരെ ജോയൻറ് ആർ.ടി.ഒ ആയി നിയമിക്കുന്നത് നിര്‍ത്താന്‍ ശിപാര്‍ശ ചെയ്തിരുന്നു. സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷ സമിതിയും ഈ നിര്‍ദേശം മുന്നോട്ടുെവച്ചിട്ടുണ്ട്. ആ സാഹചര്യങ്ങൾ പരിശോധിച്ചാണ് മോട്ടോര്‍ വാഹനവകുപ്പിലെ സര്‍വിസ് റൂൾ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.
എന്നാല്‍, സ്ഥാനക്കയറ്റ സാധ്യത ഇല്ലാതാകുന്നുവെന്ന് കാണിച്ച് ഒരു വിഭാഗം ജീവനക്കാര്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെ വിഷയം സങ്കീർണമായി. കരട് സ്പെഷല്‍ റൂള്‍ അന്തിമമാക്കുന്നതിന് മുമ്പ് ഹരജിക്കാരെയോ പ്രതിനിധികളെയോ കേള്‍ക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവായിട്ടുണ്ട്.
സീനിയര്‍ സൂപ്രണ്ടുമാരുടെ പ്രവൃത്തിപരിചയം ജോയൻറ് ആർ.ടി.ഒ തസ്തികക്ക് യോഗ്യമായ ഒന്നല്ലെന്നും സാങ്കേതിക യോഗ്യത അനിവാര്യമാണെന്നുമാണ് ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്.
നിയമസഭ സബ്ജക്ട് കമ്മിറ്റി പരിഗണിച്ച് ചട്ടം തയാറാക്കിയതിന് ശേഷമാകും സർവിസ് റൂള്‍ ഭേദഗതി നിലവില്‍ വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.