സാങ്കേതിക സർവകലാശാല: എല്ലാ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് പരിരക്ഷ
text_fieldsതിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ അധീനതയിലുള്ള കോളേജുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സമഗ്ര ഇൻഷുറൻസ് പദ്ധതി അടിയന്തിരമായി നടപ്പാക്കുവാൻ തീരുമാനം. വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീയുടെ അധ്യക്ഷതയിൽ ഇന്ന് കൂടിയ സിൻഡിക്കേറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
രോഗം മൂലമോ, അപകടം മൂലമോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന വിദ്യാർത്ഥികൾക്കും സാമ്പത്തികസഹായം ലഭ്യമാകുന്ന തരത്തിലാണ് ഇൻഷുറൻസ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത് . കോവിഡ് ബാധിച്ചു മരിച്ച കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി സൂരജ് കൃഷ്ണയുടെ കുടുംബത്തിന് ഈ പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപ നൽകാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇത് സംബന്ധിച്ചു സിൻഡിക്കേറ്റിന്റെ സ്റ്റുഡന്റ്സ് അഫയേഴ്സ് സമിതി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് എല്ലാ വർഷവും രണ്ട് കോടി രൂപ വകയിരുത്തും.
സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കൊപ്പം സാങ്കേതികസർവകലാശാലയും അണിചേരും. ഇതിന്റെ ഭാഗമായി സർവകലാശാലയുടെ അധീനതയിലുള്ള കോളേജുകളിലെ അർഹരായ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ഉൾപ്പടെയുള്ള പഠന സാമഗ്രികൾ നൽകുവാനുള്ള പദ്ധതിക്കും സിൻഡിക്കേറ്റ് അംഗീകാരം നൽകി. ഇതിനായി ആദ്യഘട്ടത്തിൽ അഞ്ച് കോടി രൂപ വകയിരുത്തും. കോവിഡ് കാലയളവിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിദ്യാർത്ഥികൾക്ക് ആക്റ്റിവിറ്റി പോയിൻറ് ആനുകൂല്യം നൽകാനും സിൻഡിക്കേറ്റ് അനുമതിനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.