ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ട് ഗൗരവമായി കാണുന്നില്ല -മന്ത്രി ജലീൽ
text_fieldsതിരുവനന്തപുരം: ഫയൽ അദാലത്തിൽ ചാൻസലറായ ഗവർണറുടെ അനുമതിയില്ലാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത് നിർദേശങ്ങൾ നൽകിയത് അധികാര പരിധി ലംഘിക്കുന്ന നടപടിയാണെന്ന ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ടിന് പ്രതികരണവുമായി മന്ത്രി കെ.ടി. ജലീൽ. ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ടിനെ ഗൗരവമായി കാണുന്നില്ലെന്ന് കെ.ടി. ജലീൽ പറഞ്ഞു. റിപ്പോർട്ട് തയാറാക്കിയത് ഡെപ്യൂട്ടി സെക്രട്ടറിയാണ്. അതിന് താൻ മറുപടി പറയേണ്ടതില്ലെന്നും ജലീൽ വ്യക്തമാക്കി.
സർക്കാറിനോട് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടില്ല. ഗവർണറുടെ പരാമർശം ഗൗരവത്തോടെ പരിശോധിക്കും. ഗവർണർ ഔദ്യോഗിക അറിയിപ്പ് നൽകിയാൽ പ്രതികരിക്കും. താൻ അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് എല്ലാവർക്കും അറിയാമെന്നും ജലീൽ പറഞ്ഞു.
കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരിക്കില്ല. ഒരു നുണ ആയിരം തവണ ആവർത്തിച്ചാലും സത്യമാവില്ലെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
സാേങ്കതിക സർവകലാശാലയിൽ സംഘടിപ്പിച്ച ഫയൽ അദാലത്തിൽ ചാൻസലറായ ഗവർണറുടെ അനുമതിയില്ലാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത് നിർദേശങ്ങൾ നൽകിയത് അധികാര പരിധി ലംഘിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഗവർണറുടെ സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു.
ബി.ടെക് പരീക്ഷയിൽ തോറ്റ വിദ്യാർഥിയുടെ ഉത്തരക്കടലാസ് മൂന്നാം തവണ മൂല്യനിർണയം നടത്താൻ അദാലത്തിൽ തീരുമാനിച്ചതും തുടർന്ന് വിജയിപ്പിച്ചതും ചട്ടവിരുദ്ധമായതിനാൽ വി.സി അംഗീകരിക്കരുതായിരുന്നുവെന്നും ഗവർണർക്ക് സമർപ്പിച്ച കുറിപ്പിൽ സെക്രട്ടറി വ്യക്തമാക്കി.
സർവകലാശാല അദാലത്തുകളിൽ മോഡറേഷൻ മാർക്ക് നൽകിയത് ഉൾപ്പെടെയുള്ള പരാതികളിൽ രാജ്ഭവൻ സ്വീകരിച്ച നടപടികളുടെ ഫയൽ നോട്ടിലാണ് സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തിയത്. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖയിലാണ് കുറിപ്പ് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.