വയനാടിന് സാന്ത്വനവുമായി സാങ്കേതിക സർവകലാശാല
text_fieldsതിരുവനന്തപുരം: ദുരന്തഭൂമിയായി മാറിയ വയനാടിന് കൈത്താങ്ങാകാൻ ആവശ്യമായ എല്ലാ സഹകരണങ്ങളും നൽകാൻ എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല തീരുമാനിച്ചു. വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് വിളിച്ചുചേർത്ത അഫിലിയേറ്റഡ് കോളജുകളിലെ പ്രിൻസിപ്പൽമാരുടെയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരുടെയും വിദ്യാർഥി കോർഡിനേറ്റർമാരുടെയും യോഗത്തിലാണ് സർവകലാശാല എൻ.എസ്.എസ് യൂനിറ്റുകൾ മുഖേന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സർവകലാശാല തീരുമാനിച്ചത്.
ഭക്ഷണം, വസ്ത്രം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെ അവശ്യസാധനങ്ങളുടെ ശേഖരണത്തിന് ജില്ലാടിസ്ഥാനത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ മേൽനോട്ടം വഹിക്കും. ശേഖരിച്ച സാധനങ്ങൾ വയനാട് എത്തിച്ച് മതിയായവ സംഭരിച്ചുവെക്കാനും ആവശ്യാനുസരണം വിതരണം ചെയ്യാനുമുള്ള സംവിധാനങ്ങൾ ഒരുക്കും.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സഹായഹസ്തം നീട്ടുന്നതിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന അക്കാദമിക് സമൂഹത്തിൻ്റെ പങ്ക് വൈസ് വലുതാണെന്ന് വൈസ് ചാൻസലർ സജി ഗോപിനാഥ് പറഞ്ഞു. "വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാൻ സർവകലാശാല പ്രതിജ്ഞാബദ്ധരാണ്. ദുരിതബാധിതർക്ക് ആശ്വാസവും സഹായവും നൽകാൻ വിദ്യാർഥികളും ജീവനക്കാരും അധ്യാപകരും ഒന്നിച്ചു പ്രവർത്തിക്കും," അദ്ദേഹം പറഞ്ഞു.
എല്ലാ എഞ്ചിനീയറിങ് കോളജുകളിലും സാധനങ്ങൾ ശേഖരിക്കാനുള്ള ഡ്രോപ്പ്-ഓഫ് പോയിൻറുകൾ സ്ഥാപിക്കും. ദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസത്തിന് സർവകലാശാല സഹായം നൽകും. അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നേരിട്ട് സംഭാവന നൽകാനും തീരുമാനമായി. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ്‌കുമാർ ജേക്കബ്, പ്രഫ. ജി. സഞ്ജീവ്, ഡോ.ബി.എസ്. ജമുന, എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.എം. അരുൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.