കെ.ടി.യു വി.സി: ചാൻസലർക്കെതിരായ ഹരജി നിലനിൽക്കുമെന്ന് ഹൈകോടതി; 18ന് വിശദവാദം
text_fieldsകൊച്ചി: കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു) വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ചത് ചോദ്യം ചെയ്യുന്ന സർക്കാറിന്‍റെ ഹരജിയിൽ 18ന് ഹൈകോടതി വിശദവാദം കേൾക്കും. ഹരജി പ്രഥമദൃഷ്ട്യ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദ വാദത്തിന് മാറ്റിയത്. ചാൻസലർ കൂടിയായ ഗവർണർക്കെതിരായ ഹരജി നിലനിൽക്കില്ലെന്ന എതിർ കക്ഷികളുടെ വാദം കോടതി തള്ളി. 17നകം ചാൻസലർ അടക്കം കേസിലെ കക്ഷികൾ വാദങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാനും നിർദേശിച്ചു.
ഡോ. സിസ തോമസിനെ സർവകലാശാല ചട്ടം ലംഘിച്ച് സർക്കാറിന്‍റെ ശിപാർശ ഇല്ലാതെ ചാൻസലർ നിയമിച്ചെന്നാണ് ഹരജിയിലെ ആരോപണം. കെ.ടി.യു ആക്ട് പ്രകാരം വി.സിയുടെ ഒഴിവുണ്ടായാൽ മറ്റേതെങ്കിലും വി.സിക്കോ കെ.ടി.യു പ്രോ വൈസ് ചാൻസലർക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണമെന്നിരിക്കെ നിയമവിരുദ്ധമായാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയന്‍റ് ഡയറക്ടർ സിസ തോമസിന് ചുമതല നൽകിയതെന്നാണ് സർക്കാർ വാദം.
വി.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് വ്യവഹാരങ്ങൾ വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നുവെന്നും വിദ്യാർഥികളെ കുറിച്ച് മാത്രമാണ് കോടതിയുടെ ചിന്തയെന്നും ഹരജി പരിഗണിക്കവേ കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. തർക്കങ്ങൾ തുടരാനാണ് കക്ഷികൾക്ക് താൽപര്യം. അത് തുടർന്നോട്ടെ. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ബന്ധപ്പെട്ട അധികൃതരാണ്. വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പരാമർശിച്ച സിംഗിൾ ബെഞ്ച്, ഇക്കാര്യത്തിൽ സർവകലാശാല ചട്ടങ്ങൾ യു.ജി.സി മാർഗനിർദേശങ്ങളുമായി ചേർന്ന് പോകേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു.
വി.സിയുടെ താൽക്കാലിക ചുമതല കൈമാറാൻ സർക്കാർ ശിപാർശ ചെയ്തവരുടെ യോഗ്യത ആരാഞ്ഞ കോടതി, വിശദാംശങ്ങൾ ആവശ്യപ്പെട്ടു. തുടർന്നാണ് ഹരജി ഒരാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റിയത്. ഹരജി ഉടൻ പരിഗണിക്കണമെന്ന് അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടെങ്കിലും വരുന്ന ദിവസങ്ങളെല്ലാം സർവകലാശാലകളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ വരുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.