വാഹനപരിശോധന വെട്ടിച്ചുകടന്ന കൗമാരക്കാർ കഞ്ചാവുമായി ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ
text_fieldsനെടുങ്കണ്ടം: അതിർത്തി ചെക്പോസ്റ്റിൽ നടന്ന വാഹനപരിശോധന വെട്ടിച്ചുകടന്ന കൗമാരക്കാർ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ. തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്നുകിലോ കഞ്ചാവുമായി 17കാരനടക്കം നാലുപേർ അറസ്റ്റിലായി.
അടിമാലി ഇരുനൂറേക്കർ പുത്തൻപുരക്കൽ വിനീത് (20), എറണാകുളം കൊച്ചുമഠത്തിൽ ആദർശ് (18), അടിമാലി ഇസ്ലാംനഗറിൽ സബീർ (22) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെ കേരള-തമിഴ്നാട് അതിർത്തിയായ കമ്പംമെട്ടിൽ പൊലീസ്, എക്സൈസ്, വിൽപനനികുതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയിരുന്നു.
ഇതിനിടെ തമിഴ്നാട് പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ അതിർത്തികടക്കാൻ ശ്രമിച്ച ഇരുചക്രവാഹനം കേരള പൊലീസും എക്സൈസും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടയാൻ ശ്രമിച്ചു. സംയുക്ത പരിശോധനസംഘത്തെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിെൻറ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന വിനീതും 17കാരനും മുന്നിൽകണ്ട വഴിയിലൂടെ ഓടി. ചെന്നുനിന്നത് കമ്പംമെട്ട് പൊലീസ് സ്റ്റേഷെൻറ മുറ്റത്താണ്. 17കാരെൻറ കൈയിലിരുന്ന ബാഗ് പരിശോധിച്ചപ്പോൾ രണ്ടുകിലോ കഞ്ചാവ് കണ്ടെത്തി. രണ്ടുപേരെയും കസ്റ്റഡിയിലെടുത്തപ്പോൾ ഇവരുടെ ഫോണിലേക്ക് മറ്റൊരാളുടെ വിളിയെത്തി. എവിടെയാണ് എന്നായിരുന്നു ചോദ്യം. ഫോൺ നമ്പറുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യംചെയ്തപ്പോൾ ഇവർക്ക് മുന്നേ അതിർത്തി കടന്നവരാണ് ഫോണിൽ വിളിച്ചതെന്ന് പൊലീസ് മനസ്സിലാക്കി.
സൈബർ സെൽ മുഖാന്തരം നമ്പർ പരിശോധിച്ചപ്പോൾ കമ്പംമെട്ട് എട്ടേക്കർക്കാനത്ത് മൊബൈൽഫോൺ ലൊക്കേഷൻ കാണിച്ചു. ഇവിടെ പരിശോധന നടത്തിയപ്പോഴാണ് ആദർശിനെയും സബീറിനെയും ഒരുകിലോ കഞ്ചാവുമായി പിടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. കമ്പംമെട്ട് സി.ഐ ജി. സുനിൽകുമാർ, എസ്.ഐ ചാക്കോ, സുലേഖ, മധു, ഹരിദാസ്, പൊലീസ് ഉദ്യോഗസ്ഥരായ ജയേഷ്, ആർ. ബിനുമോൻ, രാജേഷ്, ശ്രീജു, രാജേഷ്മോൻ, ഷമീർ, റെക്സ്, എക്സൈസ് ഉദ്യോഗസ്ഥരായ സി.ആർ. സതീഷ്, സിറിൾ ജോസഫ്, ഷോബിൻ മാത്യു, വിൽപനനികുതി ഡ്രൈവർ ജിജോ മാത്യു എന്നിവർ ചേർന്നാണ് കഞ്ചാവ് കടത്തുസംഘത്തെ കുടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.