ജയിലനുഭവം വിശദീകരിച്ച് ടീസ്റ്റ: ജയിലിൽ തേടിയെത്തിയത് 2600 ഓളം കത്തുകൾ
text_fieldsതിരുവനന്തപുരം: ജയിൽ അനുഭവങ്ങളിൽ മനസ്സ് തുറന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്. തിരുവനന്തപുരത്ത് 'നാടക്' സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു അവരുടെ വെളിപ്പെടുത്തൽ.
'ജയിലിൽ ആദ്യ ഏഴുദിവസങ്ങൾ ശരിക്കും സ്തബ്ധമായ സ്ഥിതിയായിരുന്നു. ചില സമയങ്ങളിൽ വല്ലാതെ ഒറ്റപ്പെടലും അനുഭവപ്പെട്ടു. ഈ അവസ്ഥയിൽ നിന്ന് മോചനമേകിയത് തന്നെ തേടിയെത്തിയ കത്തുകളാണ്. കേരളത്തിൽ നിന്നടക്കം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും കത്തുകൾ വന്നുകൊണ്ടേയിരുന്നു. 2600 ഓളം കത്തുകളാണ് ജയിലിലെത്തിയത്. നിരവധി പോസ്റ്റ്കാർഡുകളും കിട്ടി...' ഒറ്റപ്പെട്ട നാളുകളിലെ ഊഷ്മളാനുഭവങ്ങളെ ആവേശത്തോടെയും വൈകാരികമായും അവർ പങ്കുവെച്ചു.
പുറംലോകവുമായി ബന്ധപ്പെടാനാകാത്ത സാഹചര്യമാണെങ്കിൽ കൂടി ഈ കത്തുകളെല്ലാം വായിച്ചപ്പോൾ ദൗത്യവും ലക്ഷ്യവും സംബന്ധിച്ച കൂടുതൽ ഉത്തരവാദിത്തങ്ങളും ബോധ്യങ്ങളും തന്നിലുണ്ടാക്കി. ഇതോടെ ഒറ്റപ്പെടലും സമ്മർദവും വിഷാദവുമെല്ലാം മറന്നു. ജയിലിൽ രാഷ്ട്രീയ തടവുകാരായവർക്ക് കഴിയുന്നവരെല്ലാം കത്തെഴുതണം.
ജയിൽ മതിലുകളുടെ പ്രതിബന്ധങ്ങൾ മറികടന്ന് ഐക്യദാർഢ്യങ്ങളുടെ മനുഷ്യസ്പർശം കത്തുകളിലൂടെ കൈമാറാൻ കഴിയണം. ദേഷ്യവും വേദനയുമെല്ലാമുണ്ടായിരുന്നെങ്കിലും തടവറക്കുള്ളിലും താൻ സജീവമായി. ചെയ്യുന്ന ജോലി തുടരുക എന്ന സന്ദേശമാണ് സഹപ്രവർത്തകർക്ക് നൽകാനുണ്ടായിരുന്നത്. പുറത്ത് പ്രവർത്തനങ്ങൾക്കിടെ എഴുതാൻ സമയം കിട്ടുമായിരുന്നില്ല. ജയിലിലായതോടെ എഴുതാനും സമയം കണ്ടെത്തിയെന്നും അവർ പറഞ്ഞു.
ഭീഷണിപ്പെടുത്തി ഒതുക്കാനുള്ള തന്ത്രങ്ങളാണ് രാജ്യത്ത് വ്യാപകമായി നടക്കുന്നത്. എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും കലാകാരന്മാരെയും ബോധപൂർവം നിശ്ശബ്ദരാക്കുന്നു. സംസ്ഥാനങ്ങൾ തിരിച്ച് പട്ടിക തയാറാക്കി ആസൂത്രിമായാണ് എതിർശബ്ദങ്ങളെ ഇല്ലാതാക്കുകയും ജയിലിലടക്കുകയും ചെയ്യുന്നത്. വ്യത്യസ്തതകൾ മറന്ന് സംഘടിതമായി നിലകൊണ്ടാൽ ഇത്തരം ഭയപ്പെടുത്തലുകളെയും കീഴടക്കലുകളെയും ചെറുത്ത് തോൽപ്പിക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.