ടീസ്റ്റ, ആർ.ബി. ശ്രീകുമാർ അറസ്റ്റ്: പ്രതിഷേധം വ്യാപകം
text_fieldsജനാധിപത്യത്തിന് നിരക്കാത്തത് -പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഗുജറാത്ത് കലാപത്തിലെ ഇരകൾക്കു വേണ്ടി സംസാരിച്ചവരെ അറസ്റ്റ് ചെയ്തത് ജനാധിപത്യത്തിന് നിരക്കാത്ത നടപടിയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇരകൾക്കുവേണ്ടി കോടതി കയറുകയും നിരന്തരം അവർക്കുവേണ്ടി ശബ്ദിക്കുകയും ചെയ്തവരെയാണ് വേട്ടയാടുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. അധിക ചെലവുകൾകൊണ്ട് പൊറുതിമുട്ടുന്ന പൊതുജനത്തിന് കേരള സർക്കാർ സമ്മാനിച്ച ഇരുട്ടടിയാണ് വൈദ്യുതി ചാർജ് വർധനയെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്‍റെ പ്രയാസങ്ങളെ ഒരുനിലക്കും പരിഗണിക്കാത്ത ഈ നടപടിക്കെതിരിൽ ജനരോഷം ഉയരുകതന്നെ ചെയ്യും. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാനെങ്കിലും എൽ.ഡി.എഫ് തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാഷിസത്തിനെതിരെ പൊരുതാനുള്ള ആഹ്വാനം -എം.ഐ. അബ്ദുൽ അസീസ്
കോഴിക്കോട്: ഗുജറാത്ത് വംശഹത്യയിൽ നീതിയുടെയും ഇരകളുടെയും പക്ഷത്തുനിന്ന ടീസ്റ്റ സെറ്റൽവാദിനെയും ആർ.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടി ഫാഷിസത്തിനെതിരെ പോരാട്ടം ശക്തിപ്പെടുത്താനുള്ള ആഹ്വാനമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ഭരണകൂടം ജനാധിപത്യ മൂല്യങ്ങളെ ധ്വംസിക്കുമ്പോൾ പ്രതിരോധിക്കേണ്ട ജുഡീഷ്യറി ഭരണകൂടപക്ഷം ചേരുന്നത് ദൗർഭാഗ്യകരമാണ്. സംഘ്പരിവാറിനോട് രാജിയാകാൻ സന്നദ്ധരാകാത്തവരെ ഭരണകൂട സാമഗ്രികളുപയോഗിച്ച് കീഴ്പ്പെടുത്താനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്.
നീതി ലഭ്യമാവില്ലെന്ന് ജനങ്ങൾക്കുണ്ടാകുന്ന തോന്നൽ രാജ്യത്തെ അപകടത്തിലേക്ക് നയിക്കും. ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ് സർക്കാർ. എതിർശബ്ദങ്ങളെ ജയിലിലടച്ച് നിശ്ശബ്ദമാക്കാനുള്ള ശ്രമം സംഘ്പരിവാറിന്‍റെ വ്യാമോഹമാണെന്നും അത്തരം നീക്കങ്ങൾ കൂടുതൽ ജനകീയമായ പ്രതിരോധത്തിന് ആവേശം നൽകുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഗുജറാത്ത് വംശഹത്യയുടെ തുടർച്ച -യൂത്ത് ലീഗ്
കോഴിക്കോട്: ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെയും അറസ്റ്റുചെയ്തത് ഗുജറാത്ത് വംശഹത്യയുടെ തുടർച്ചതന്നെയായി കാണേണ്ടിയിരിക്കുന്നുവെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും മാധ്യമങ്ങളോട് പറഞ്ഞു. അവിടത്തെ മുസ്‌ലിംകളെ കൂട്ടക്കാശാപ്പു ചെയ്ത സംഘ്പരിവാർ ഫാഷിസ്റ്റ് സർക്കാർ അവർക്കായി പോരാടിയവരെ തുറുങ്കിൽ അടക്കുന്നത് ഇരകൾക്കായി ശബ്ദിക്കുന്നവരെ ഭയപ്പെടുത്താനാണ്.
മോദിക്കെതിരെ സാകിയ ജാഫരി നൽകിയ ഹരജിയിൽ സുപ്രീംകോടതി ക്ലീൻചിറ്റ് നൽകിയശേഷം അമിത് ഷാ നടത്തിയ അഭിമുഖത്തിൽ ടീസ്റ്റയുടെ പേരെടുത്ത് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ഇരുവരുടെയും അറസ്റ്റുണ്ടായത്. ഈ ജനാധിപത്യ വേട്ടയിൽ യൂത്ത് ലീഗ് പ്രതിഷേധിക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.