സത്യമെന്ന് ബോധ്യമുള്ളതാണ് ജനങ്ങളോട് പറയുന്നത് -രാഹുൽ ഗാന്ധി
text_fieldsകണ്ണൂർ: സത്യമെന്ന് ബോധ്യമുള്ള കാര്യങ്ങളാണ് താൻ ജനങ്ങളോട് പറയുന്നതെന്നും അത് തുടരുമെന്നും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. നുണകൾകൊണ്ട് ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കാൻ കഴിയില്ലെന്ന് ഭരണാധികാരികൾ മനസ്സിലാക്കണമെന്നും എത്ര മൂടിവെച്ചാലും ഒരുനാൾ സത്യം പുറത്തുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രഥമ പ്രിയദർശിനി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി. പത്മനാഭന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിന്റെ പുറത്താണ് നമ്മുടെ രാഷ്ട്രത്തിന്റെ നിർമിതി. എന്നാൽ, ഡൽഹിയിൽ എല്ലാം ഭരണാധികാരികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അവർ പ്രസംഗിക്കുമ്പോൾ അവർക്കുനേരെ തന്നെയാണ് ലൗഡ് സ്പീക്കറും മൈക്കുമെല്ലാം തിരിച്ചുവെക്കുന്നത്. അവർ പറയുന്നത് അവർ തന്നെയാണ് കേൾക്കുന്നതെന്നർഥം. തനിക്ക് രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടാണ് സത്യം വിളിച്ചുപറയുന്നത്. സത്യം വിളിച്ചുപറയുന്ന എഴുത്തുകാരനാണ് ടി. പത്മനാഭനെന്നും എല്ലാവർക്കും ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും ഏറെ പ്രയാസമുള്ള കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, മുൻ മന്ത്രി പന്തളം സുധാകരൻ എന്നിവർ സംസാരിച്ചു. പഴങ്കുളം മധു സ്വാഗതവും മാർട്ടിൻ ജോർജ് നന്ദിയും പറഞ്ഞു. എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ്, ടി. സിദ്ദീഖ്, കണ്ണൂർ മേയർ ടി.ഒ. മോഹനൻ, എസ്.ആർ.ഡി. പ്രസാദ്, സ്വാതന്ത്ര്യസമര സേനാനി അപ്പുക്കുട്ട പൊതുവാൾ, കൽപറ്റ നാരായണൻ, പി.എം. നിയാസ് തുടങ്ങിയവർ പങ്കെടുത്തു.
എഴുത്തുകാരനായില്ലെങ്കിൽ സജീവ രാഷ്ട്രീയക്കാരനാവുമായിരുന്നു -ടി. പത്മനാഭൻ
കണ്ണൂർ: എഴുത്തുകാരനായില്ലെങ്കിൽ സജീവ രാഷ്ട്രീയക്കാരനായി താൻ മാറുമായിരുന്നുവെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന തന്നെ, ക്വിറ്റിന്ത്യ സമരത്തിൽ പങ്കെടുത്തതിന് സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, സജീവ രാഷ്ട്രീയം പിന്നീട് ഉപേക്ഷിച്ചു.
ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്തവരുടെ കണ്ണിൽ ചുണ്ണാമ്പുവെള്ളം ഒഴിച്ച ബ്രിട്ടീഷ് ഭക്തർ സ്വാതന്ത്ര്യം കിട്ടിയപ്പോൾ കെ.പി.സി.സി നേതാക്കളാവുകയും കേളപ്പജിയെ പോലുള്ളവർ പിന്തള്ളപ്പെടുകയും ചെയ്തപ്പോഴാണ് സജീവ രാഷ്ട്രീയം വേണ്ടെന്നുവെച്ചത്. നാട് ഇരുട്ടിൽനിന്ന് കൂരിരുട്ടിലേക്ക് മാറുകയാണെന്നും അതിനപ്പുറത്ത് വെളിച്ചമുണ്ടെന്നും രാഹുൽ ഗാന്ധി ഭാവി ഇന്ത്യയുടെ പ്രതീക്ഷയാണെന്നും ടി. പത്മനാഭൻ പറഞ്ഞു. പ്രിയദർശിനി സാഹിത്യ പുരസ്കാരം സ്വീകരിച്ചശേഷം മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
pu
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.