ചൂടേറുന്നു; വാടിവീഴാതിരിക്കാൻ സ്വീകരിക്കാം ഈ മുൻകരുതലുകൾ
text_fieldsതിരുവനന്തപുരം: വേനല്‍ച്ചൂട് ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സൂര്യാതപം ഏൽക്കുന്നത് തടയുന്നതിന് ഏപ്രിൽ 30 വരെ തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമീഷണർ ഉത്തരവിട്ടു.
ഇതുപ്രകാരം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായിരിക്കും. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു.
ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
🔹 ചൂടു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ധാരാളം വെള്ളം കുടിക്കണം.
🔹 തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പൈപ്പില്‍നിന്നുള്ള വെള്ളമാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കുക.
🔹 ഉപ്പിട്ട കഞ്ഞിവെള്ളം, മോരുംവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയ പാനീയങ്ങള്‍ ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാന്‍ സഹായകമാണ്.
🔹 കാര്‍ബണേറ്റഡ് കൃത്രിമപാനീയങ്ങള്‍ ഒഴിവാക്കണം.
🔹 വീട്ടില്‍ പാനീയങ്ങള്‍ തയ്യാറാക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
🔹 സാലഡ്, ചട്‌നി തുടങ്ങി പാചകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണസാധനങ്ങളിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.
🔹 പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. പഴങ്ങളുടെയും മറ്റും തൊലി/തോട് നീക്കുന്നതിന് മുന്‍പ് കഴുകാന്‍ ശ്രദ്ധിക്കുക.
🔹 ജലദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ കുടിവെള്ളം ശേഖരിച്ചു വെയ്ക്കുന്ന പാത്രങ്ങള്‍ വശങ്ങള്‍ ഉള്‍പ്പെടെ നന്നായി തേച്ചു കഴുകുക. പാത്രം മൂടി വെയ്ക്കണം. കുടിവെള്ളം ശേഖരിച്ചു വെയ്ക്കുന്ന പാത്രം വളര്‍ത്തു മൃഗങ്ങള്‍ കടക്കാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കണം.
🔹 ആഹാരസാധനങ്ങള്‍ ഈച്ച കടക്കാത്ത വിധം മൂടി സൂക്ഷിക്കണം.
🔹 വയറിളക്കത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് നിര്‍ദ്ദേശാനുസരണം മരുന്നോ പാനീയ ചികിത്സയോ നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.