താപസൂചിക ഉയരുന്നു; 10 ജില്ലകളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്
text_fieldsതിരുവനന്തപുരം: ഞായറാഴ്ച വരെ സംസ്ഥാനത്തെ 10 ജില്ലകളിൽ ജീവന് ഭീഷണിയാകുന്ന രീതിയിൽ താപസൂചിക (ഹീറ്റ് ഇൻഡക്സ്) ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അപകടകരമായ രീതിയിൽ ചൂട് അനുഭവപ്പെടുക. ഇതിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഏപ്രിൽ 13വരെ താപസൂചിക 54 ഡിഗ്രിക്ക് മുകളിലാകുമെന്നും ഈ ഘട്ടത്തിൽ സൂര്യാതപമേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
മനുഷ്യശരീരത്തിൽ അനുഭവപ്പെടുന്ന യഥാർഥചൂടാണ് താപസൂചിക. തണലുള്ള പ്രദേശങ്ങളിലെ അന്തരീക്ഷ താപനിലയും വായുവിലെ ഈർപ്പത്തിെൻറ സാന്നിധ്യവും ഒരു സൂത്രവാക്യത്തിെൻറ അടിസ്ഥാനത്തിൽ കണക്കാക്കിയാണ് താപസൂചിക നിർണയിക്കുന്നത്. അന്തരീക്ഷത്തിലെ ചൂടും ഈർപ്പാംശവും ഉയർന്നാൽ ജീവന് ഭീഷണിയാകുന്നരീതിയിൽ ഉഷ്ണം രൂക്ഷമാകും. ഈ ഘട്ടത്തിൽ സൂര്യാതപമേൽക്കാനുള്ള സാധ്യത കൂടുതലാണത്രെ. അന്തരീക്ഷ താപനിലയേക്കാൾ 12 ഡിഗ്രിക്ക് മുകളിൽവരെ ശരീരത്തിൽ ചൂട് അനുഭവപ്പെടാം.
ഏപ്രിൽ 14 വരെ വയനാട് ഒഴികെ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽനിന്ന് രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. 14ന് പത്തംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിലാകും താപസൂചിക ഉയരുക.
ചൂട് ഉയരുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകശ്രദ്ധ ചെലുത്തണമെന്നും കളിസ്ഥലങ്ങളിൽ തണലും ജലലഭ്യതയും ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച 43 പേർക്കാണ് സംസ്ഥാനത്ത് സൂര്യാതപമേറ്റത്. 25 പേർക്ക് പൊള്ളലേറ്റപ്പോൾ 18 പേർക്ക് ചൂടേറ്റ് ശരീരത്തിൽ പാടുകൾ രൂപപ്പെട്ടു. കോഴിക്കോട് ഒമ്പതും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാലുപേർക്കുംവീതവും തൃശൂരിൽ മൂന്ന് പേർക്കും പാലക്കാട് രണ്ടുപേർക്കും എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിൽ ഒരോരുത്തർക്കുമാണ് സൂര്യാതപമേറ്റത്. ആലപ്പുഴയിൽ ഏഴുപേർക്ക് ചൂടേറ്റ് ശരീരത്തിൽ പാടുകൾ രൂപപ്പെട്ടു. പാലക്കാട്, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടുപേർക്കുവീതവും തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓരോരുത്തർക്കും ശരീരത്തിൽ പാടുകളുണ്ടായി.
സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും രാത്രികാല ചൂട് രണ്ടുമുതൽ മൂന്ന് ഡിഗ്രി വരെ വർധിച്ചു. കണ്ണൂരിൽ ബുധനാഴ്ച അനുഭവപ്പെട്ട രാത്രികാല ചൂട് 28.5 ഡിഗ്രിയാണ്. സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ താപമാപിനിയിൽ വ്യാഴാഴ്ച ചുട്ടുപൊള്ളിയത് പാലക്കാടാണ്, 39.6 ഡിഗ്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.