വെന്തുരുകി കേരളം; ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് വേനൽ ചൂട് അനിയന്ത്രിതമാകുന്നു. ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി. താപനില സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത.
പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്തും കൊല്ലം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് അടുത്തും തുടരാനാണ് സാധ്യത. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്തായിരിക്കും.
വേണം കരുതൽ
തുടർച്ചയായി ഉയർന്ന ചൂട് രേഖപ്പെടുത്തിയതോടെ സൂര്യാതപമടക്കം കരുതണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ദിവസങ്ങളായി ജില്ലയിൽ വിവിധയിടങ്ങളിൽ താപനില ഉയരുകയാണ്. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകും.
ശരീരതാപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടും. ഈ അവസ്ഥയാണ് സൂര്യാതാപം. ഇതിനേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്തചൂടിനെ തുടർന്ന് ശരീരത്തിൽനിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്നുളള അവസ്ഥയാണിത്. വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായമായവരിലും രക്തസമ്മർദം മുതലായവ ള്ളവരിലും ഇതുണ്ടാകാൻ സാധ്യതയേറെ.
ചികിത്സ വേണ്ടത്..
ഉയർന്ന് ശരീരതാപം, വരണ്ട് ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, നേർത്ത നാഡീമിടിപ്പ് തുടങ്ങിയ ലക്ഷണം അനുഭവപ്പെട്ടാൽ ചികിത്സ തേടണം.
ശ്രദ്ധിക്കുക
വെയിലത്ത് കൂടുതൽ സമയം ജോലി ചെയ്യരുത്.
ധാരാളം വെള്ളം കുടിക്കുക.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ കുടിക്കുക.
ചൂട് കൂടുതലുള്ളടത്ത് തണലിൽ വിശ്രമിക്കുക.
വീട്ടിൽ വാതിലുകളും ജനലുകളും തുറന്നിടുക.
കട്ടി കൂടിയത് ഒഴിവാക്കി അയഞ്ഞ ഇളംനിറത്തിലുള്ള വസ്ത്രം ധരിക്കുക.
സൂര്യാതപമേറ്റ് പൊള്ളിയ ഭാഗത്ത് കുമിളയുണ്ടായാൽ പൊട്ടിക്കരുത്.
വെയിലത്തിറങ്ങുമ്പോൾ കുടയും വെള്ളവും കരുതുക. കാപ്പി, ചായ എന്നിവ പകൽ ഒഴിവാക്കുക. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗം മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.