ഉഷ്ണ കേരളം
text_fieldsതിരുവനന്തപുരം: കനത്ത ചൂടിൽ ചുട്ടുപഴുക്കുന്ന കേരളത്തിന് അടുത്ത 60 ദിവസങ്ങൾ നിർണായകം. സാധാരണ മാര്‍ച്ചിലും എപ്രിലിലും കാണുന്ന ജലക്ഷാമവും വരള്‍ച്ചയുമെല്ലാം ഫെബ്രുവരിയിൽ തന്നെ ആരംഭിച്ചതോടെ വേനൽ മഴ കനിഞ്ഞില്ലെങ്കിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനും സൂര്യാതപത്തിനും സാധ്യതയുണ്ട്.
ഉഷ്ണസൂചികയും ക്രമാതീതമായി ഉയർന്നേക്കും. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തമായി തുടരുന്നതും വികസനത്തിന്റെ ഭാഗമായുണ്ടായ നഗരതാപ പ്രഭാവവുമാണ് നിലവിലെ ചുട്ടുപൊള്ളലിന് കാരണമെന്ന് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മാര്‍ച്ചിലോ ഏപ്രിലിലോ അനുഭവപ്പെടേണ്ട ചൂടാണ് ഫെബ്രുവരിയിലുണ്ടായത്. ഉഷ്ണം കൂടി വരുന്ന സാഹചര്യത്തിൽ അതിന്റെ ആധിക്യം കണ്ടുപിടിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചേർന്ന് സ്ഥാപിച്ച നൂറോളം സ്വയം നിയന്ത്രിത ഓട്ടമാറ്റിക് ഉഷ്ണ മാപിനികളിൽനിന്ന് ലഭിക്കുന്ന കണക്കനുസരിച്ച് ഫെബ്രുവരിയിൽ തന്നെ മലയോരമേഖലയായ പീരുമേട്ടിലടക്കം രേഖപ്പെടുത്തിയ ചൂട് 42 ഡിഗ്രിയാണ്.
പത്തനംതിട്ട പോലെ വനനിബിഡവും കോട്ടയം പോലെ കായലും തണ്ണീർത്തടങ്ങളും ഉള്ളതുമായ സ്ഥലങ്ങളിൽ പോലും ചൂട് 40 ഡിഗ്രിക്ക് മുകളിലേക്കുയർന്നു.
മാർച്ചിൽ കടൽ കാറ്റിന്റെ ദിശയിൽ മാറ്റംവരുന്നതിനനുസരിച്ച് ആർദ്രതയും കൂടും. ഇതോടെ മനുഷ്യശരീരത്തിൽ അനുഭവവേദ്യമാവുന്ന യഥാർഥ ചൂട് (ഉഷ്ണസൂചികയും) കൂടും. അതായത് 35-36 ഡിഗ്രി താപനിലയിൽ 50-60 ശതമാനം ആനുപാതികമായ ഈർപ്പവും കൂടിയുണ്ടെങ്കിൽ മനുഷ്യശരീരത്തിൽ അനുഭവവേദ്യമാവുന്ന ചൂട് 45 ഡിഗ്രി അല്ലെങ്കിൽ 50 ഡിഗ്രിക്ക് അടുത്തേക്കുവരും.
ഇത് സൂര്യാതപത്തിലേക്ക് കൊണ്ടെത്തിക്കും. സൂര്യനിൽ നിന്നു അൾട്രാ വയലറ്റ് (യു.വി) രശ്മികൾ നേരെ താഴേക്ക് പതിക്കുന്ന മാസങ്ങളാണ് കേരളത്തിലെ വേനൽക്കാലം. ഏഴ്-എട്ട് യൂനിറ്റുകളിൽ കൂടിയാൽ ഇത്തരം രശ്മികൾ കണ്ണിനും ശരീരത്തിനും ഏറെ ദോഷം ചെയ്യും. ഇതിന് പുറമെ, കൃഷി, മൃഗസംരക്ഷണം, ജലസേചനം, കുടിവെള്ളം തുടങ്ങിയ മേഖലകളെയൊക്കെ പ്രതികൂലമായി ബാധിക്കും.
ഫെബ്രുവരിയിലെ ചൂടിൽ തന്നെ കാടുകൾ കരിഞ്ഞുതുടങ്ങി. ഭക്ഷണവും വെള്ളവുമെല്ലാം കുറഞ്ഞതിന്റെ ഭാഗമായാണ് ഫെബ്രുവരിയിൽ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങിയത്. വേനൽമഴ കാര്യമായി ലഭിച്ചില്ലെങ്കിൽ കൂടുതൽ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
മാർച്ച് പകുതിയോടെ പ്രതീക്ഷിക്കുന്ന വേനൽമഴ പെയ്താൽ ചൂടിന് താൽക്കാലികാശ്വാസം ലഭിക്കും. ഏപ്രിലോടെ എൽനിനോ പ്രതിഭാസം പിൻവാങ്ങുമെന്ന പ്രതീക്ഷ ഗവേഷകർക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ കാലവർഷം ഇക്കുറി മേയ് അവസാനത്തോടെ പ്രതീക്ഷിക്കാം.
മുന്നറിയിപ്പുമായി കേന്ദ്രവും
ന്യൂഡൽഹി: മാർച്ച് മുതൽ മേയ് വരെ രാജ്യത്ത് ചൂടുയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതത് മേഖലകളിൽ ഇക്കാലയളവിൽ രേഖപ്പെടുത്താറുള്ള താപനിലയേക്കാളും ഇക്കുറി ഉയരും. മുൻവർഷങ്ങളിലേതിനേക്കാൾ ഉയർന്ന താപവാതത്തിനും സാധ്യതയുണ്ട്. സമുദ്രോപരിതല താപനിലയിലും കാറ്റിലുമുണ്ടാകുന്ന വ്യതിയാനമായ എൽ നിനോ പ്രതിഭാസമാണ് താപനില ഉയരാൻ കാരണമായിട്ടുള്ളത്.
ഇത് മേയ് വരെ തുടരും. പഞ്ചാബ്, ഹിമാചൽ, അരുണാചൽ തുടങ്ങിയ സംസ്ഥാനങ്ങളിൽ സാധാരണ താപനിലയേക്കാൾ ഉയരില്ല. അതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില ശരാശരിക്കും മുകളിലായിരിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ രൂക്ഷമായ താപവാതത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.