മൊബൈൽ ഉപയോഗിക്കില്ല, മോഷണശേഷം പണം തുല്യമായി വീതിച്ച് പിരിയും; കരീലകുളങ്ങരയിൽ പിടിയിലായത് കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാക്കൾ
text_fieldsഹരിപ്പാട്: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. ചിങ്ങോലി കാവിൽപ്പടിക്കൽ ക്ഷേത്രം, ഏവൂർ കണ്ണമ്പള്ളിൽ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ടാണ് ഇവരെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ പത്തോളം മോഷണ കേസുകളിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആലപ്പുഴ തുമ്പോളിയിൽ താമസിച്ചു വരികയായിരുന്ന കോട്ടയം പൂവരണി കൊട്ടയ്ക്കാട്ട് വീട്ടിൽ ജോയ് എന്ന ജോസഫ് (54), ആലപ്പുഴ കലവൂർ പള്ളിപ്പറമ്പിൽ വീട്ടിൽ സെബാനെന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ (32), അടിമാലി മാന്നാംക്കണ്ടം മംഗലത്ത് വീട്ടിൽ രമേശ് (27), അടിമാലി മാന്നാംക്കണ്ടം നന്ദനം വീട്ടിൽ വിഷ്ണു (30), പത്തനംതിട്ട ഓമല്ലൂർ വാഴമുട്ടം നെല്ലിക്കുന്നേൽ വീട്ടിൽ അമ്പി എന്ന ഗിരീഷ് (51) എന്നിവരെയാണ് കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.
കഴിഞ്ഞ രണ്ടര വർഷമായി തൃശൂർ മുതൽ കൊല്ലം വരെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയിട്ടുള്ളതായി സംഘം സമ്മതിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. പല സംഭവങ്ങളിലും പരാതിയില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. കരീലകുളങ്ങര രാമപുരം ക്ഷേത്രത്തിലെ മോഷണശ്രമത്തിലും ഈ സംഘമാണ്.
ഒന്നാം പ്രതിയായ പൂവരണി ജോയ് കുപ്രസിദ്ധ അമ്പലമോഷ്ടാവാണ്. കോട്ടയം സ്വദേശിയായ ഇയാൾ നൂറിലധികം അമ്പല മോഷണകേസുകളിൽ പ്രതിയാണ്. 2017ൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം ആലപ്പുഴ വാടക്കൽ, തുമ്പോളി ഭാഗങ്ങളിൽ താമസിച്ചു മത്സ്യകച്ചവടം നടത്തി വരികയായിരുന്നു. 2020 മുതൽ വീണ്ടും മോഷണങ്ങൾ ചെയ്യാനാരംഭിച്ചു.
ആലപ്പുഴ കാട്ടൂർ സ്വദേശിയായ സെബാസ്റ്റ്യൻ വളവനാട് വെട്ടുകേസുകളടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ഇടുക്കി അടിമാലി പടിക്കുപ്പ സ്വദേശിയായ രമേശ് നേരത്തെ കോതമംഗലം പൊലീസ് സ്റ്റേഷനിൽ മോഷണശ്രമകേസിൽ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇടുക്കി കല്ലാർ പെട്ടിമുടി സ്വദേശിയായ വിഷ്ണു രമേശിനോടൊപ്പം വെൽഡിങ് ജോലികൾ ചെയ്തു വരുന്നയാളാണ്. പത്തനംതിട്ട വാഴമുട്ടം സ്വദേശിയായ അമ്പി ഗിരീഷ് മോഷണ സ്വർണം ഉരുക്കി മോഷ്ടാക്കൾക്ക് വിറ്റു നൽകിയ കേസിൽ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വർഷമായി ഈ പ്രതികൾ എല്ലാവരും ചേർന്നോ ഒറ്റക്കോ ഒക്കെയായി സ്ഥിരമായി മോഷണങ്ങൾ നടത്തി വരികയായിരുന്നു. അതിനായി ഇരുചക്രവാഹനങ്ങൾ, കാർ, പിക്കപ്പ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കും. മോഷണത്തിന് പോകുമ്പോഴോ ഇവർ പരസ്പരമോ മൊബൈൽ ഫോണുകൾ ഉപയോഗിക്കാറില്ല. മോഷണത്തിന് ശേഷം കിട്ടുന്ന പണം തുല്യമായി വീതിച്ച ശേഷം പിരിയുന്നു. പിന്നീട് സ്വർണം വിറ്റു കിട്ടുന്ന പണവും വീതിച്ചെടുക്കും.
ഏവൂർ കണ്ണമ്പള്ളിയിൽ ക്ഷേത്രത്തിലെ മോഷണത്തിനു ശേഷം ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചത്. കരീലകുളങ്ങര സി.ഐ സുധിലാൽ എസ്.ഐമാരായ ഷെഫീഖ്, മുജീബ്, എ.എസ്.ഐ പ്രദീപ് പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ് എസ്.ആർ, മണിക്കുട്ടൻ, ഇല്യാസ് ഇബ്രാഹിം, നിഷാദ്, ദീപക്, ഷാജഹാൻ,ഷെമീർ, ശ്യാം, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.