പയ്യോളിയിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച
text_fieldsപയ്യോളി: അയനിക്കാട് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച. ദേശീയപാതയിൽനിന്ന് ഒരു കിലോമീറ്ററകലെയുള്ള കളരിപ്പടി ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങളും കോറോത്ത് ഭഗവതി ക്ഷേത്രത്തിലെ ഒരു ഭണ്ഡാരവുമാണ് മോഷ്ടാക്കൾ തകർത്തത്. ശനിയാഴ്ച പുലർച്ചയാണ് സംഭവം. ക്ഷേത്ര മതിൽകെട്ടിനുള്ളിലായി കവാടത്തിൽ സ്ഥാപിച്ച ഭണ്ഡാരം, നിലവിളക്കിന് സമീപത്തെ സ്റ്റീലിൽ നിർമിച്ച വലിയ ഭണ്ഡാരം, സമീപത്തെ പരദേവത ക്ഷേത്രത്തിലെയുമടക്കം നാല് ഭണ്ഡാരങ്ങളാണ് തകർത്തത്.
രാവിലെ ആേറാടെ ക്ഷേത്രവും പരിസരവും ശുചീകരിക്കാനെത്തിയ സ്ത്രീയാണ് ക്ഷേത്രത്തിന് തെക്ക് ഭാഗത്തെ മുറ്റത്ത് ഭണ്ഡാരങ്ങൾ തകർത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ പത്തോടെ എത്തിയ 'കെ-9' ഡോഗ് സ്ക്വാഡിലെ 'ജാംഗോ' പൊലീസ് നായ് ക്ഷേത്രത്തിന് പിറകിലൂടെ കളരിപ്പടി ക്ഷേത്രം റോഡ് വഴി ദേശീയപാത ലക്ഷ്യമാക്കി ഓടി. കവർച്ച നടന്ന കോറോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം വരെ പൊലീസ് നായ് ഒരുകിലോമീറ്ററോളം ഓടിയ ശേഷമാണ് നിന്നത്. കളരിപ്പടി ക്ഷേത്രത്തിൽ ഡിസംബർ 25ന് ഉത്സവം നടന്നിരുന്നു.
ശേഷം ഭണ്ഡാരങ്ങളിലെ പണം കമ്മിറ്റിക്കാർ എടുത്തുമാറ്റിയതിനാൽ വലിയ തോതിൽ പണം നഷ്ടപ്പെടാനിടയിെല്ലന്നാണ് കണക്കാക്കുന്നത്. ദേശീയപാതക്ക് സമീപത്തെ സ്ഥാപനത്തിൽനിന്നുള്ള സി.സി.ടി.വിയിൽ സംശയാസ്പദ രീതിയിൽ ശനിയാഴ്ച പുലർച്ച 12.58ന് പിറകിൽ ബാഗുമായി ബൈക്കിൽ സഞ്ചരിച്ച ഒരാൾ റോഡ് മുറിച്ചുകടന്ന് വടകര ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. പയ്യോളി എസ്.ഐ പി.പി. മനോഹരൻ, എ.എസ്.ഐ എൻ.കെ. ബാബു വിരലടയാള വിദഗ്ധൻ കെ. രഞ്ജിത്, ഡോഗ് സ്ക്വാഡ് അംഗങ്ങളായ അജീഷ്, ഷിനാസ് എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, കൗൺസിലർ കെ.ടി. വിനോദ് എന്നിവരും സംഭവസ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.