മല്ലികാർജുന ട്രസ്റ്റി വിവാദം: ഡി.സി.സിയെ തള്ളി അംഗങ്ങൾ
text_fieldsകാസർകോട്: സി.പി.എം ഭരിക്കുന്ന മലബാർ ദേവസ്വം ബോർഡിന് കീഴിലെ കാസർകോട് മല്ലികാർജുന ക്ഷേത്ര ട്രസ്റ്റി ചെയർമാൻ, അംഗത്വ സ്ഥാനങ്ങൾ രാജിവെക്കണമെന്ന ഡി.സി.സി നിർദേശം തള്ളി ചെയർമാനും അംഗങ്ങളും കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിശദീകരണം നൽകി. മുൻ കെ.പി.സി.സി അംഗം അഡ്വ. ഗോവിന്ദൻ നായരാണ് ട്രസ്റ്റ് ചെയർമാൻ. മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ഉഷ അർജുനൻ, ഉമേശ് അണങ്കൂർ, എ.സി. മനോജ് എന്നീ കോൺഗ്രസ് അംഗങ്ങളാണ് ട്രസ്റ്റി ബോർഡ് അംഗങ്ങൾ.
സി.പി.എമ്മുമായി ധാരണയുണ്ടാക്കി നേടിയ സ്ഥാനങ്ങളാണിവയെന്ന് നീലേശ്വരത്തെ കോൺഗ്രസ് നേതാവാണ് പരാതി നൽകിയത്. തുടർന്ന്, സ്ഥാനങ്ങൾ രാജിവെച്ച് ഡി.സി.സിയെ അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് രേഖാമൂലം കത്ത് നൽകിയിരുന്നു. ക്ഷേത്രഭരണം ലഭിച്ചത് നിയമാനുസൃതമാണെന്നും പരാതിയെക്കുറിച്ച് അന്വേഷണം നടത്താതെ ഡി.സി.സി പ്രസിഡന്റ് നടപടി സ്വീകരിക്കുകയായിരുന്നുവെന്നും കെ.പി.സി.സിക്ക് നൽകിയ വിശദീകരണത്തിൽ ആരോപണവിധേയർ വ്യക്തമാക്കി.
രാജ്മോഹൻ ഉണ്ണിത്താനെ പരാജയപ്പെടുത്താൻ സി.പി.എമ്മുമായി കരാറുണ്ടാക്കിയതിന് ലഭിച്ച പ്രത്യുപകാരമാണ് സ്ഥാനങ്ങൾ എന്ന ആരോപണമാണ് പരാതിയിൽ ഉന്നയിച്ചത്. 2023 ജനുവരിയിലാണ് ക്ഷേത്ര ട്രസ്റ്റി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചത്. ചിലയാളുകൾക്കുള്ള പ്രശ്നങ്ങൾ മാത്രമാണ് ഇതിനു പിന്നിലെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.