വിവേചനം നടന്ന ക്ഷേത്രം സി.പി.എം നിയന്ത്രിത കമ്മിറ്റിക്കു കീഴിൽ
text_fieldsകണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും ദേവസ്വം മന്ത്രിയുമായ കെ. രാധാകൃഷ്ണന് ജാതിവിവേചനം നേരിട്ട ക്ഷേത്രത്തിന്റെ ഭരണസമിതി സി.പി.എമ്മിന് സ്വന്തം. പാർട്ടിയുടെ പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റിയംഗം ടി.പി. സുനിൽകുമാറാണ് ക്ഷേത്രം ട്രസ്റ്റിയുടെ ചെയർമാൻ. ഇദ്ദേഹമുൾപ്പടെ അഞ്ചംഗ ട്രസ്റ്റിയിലെ പാരമ്പര്യേതര വിഭാഗത്തിൽപെട്ട നാലുപേരും ഇടതുപക്ഷത്തുനിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ മന്ത്രിക്കുണ്ടായ അപമാനത്തിൽ പാർട്ടി പ്രാദേശിക നേതാക്കൾ പ്രതിസ്ഥാനത്തായി.
പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ഒരു മന്ത്രി അപമാനിക്കപ്പെട്ട സംഭവത്തിൽ ക്ഷേത്ര കമ്മിറ്റിക്കെതിരെ അന്നുതന്നെ വിമർശനമുയർന്നിരുന്നു. ആചാരവുമായി ബന്ധപ്പെട്ട വിഷയമെന്ന നിലക്ക് ഇത് അധികമാരുമറിയാതെ അന്ന് അവസാനിപ്പിക്കുകയായിരുന്നു.
ജനുവരി 26ന് വൈകീട്ടാണ് പയ്യന്നൂർ നഗരത്തിനു സമീപത്തെ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിൽ നടപ്പന്തൽ ഉദ്ഘാടനത്തിന് മന്ത്രിയെത്തിയത്. പൂജാരിമാർ വിളക്ക് കൊളുത്തിയ ശേഷം ഊഴം കാത്തിരുന്ന മന്ത്രി അപമാനിക്കപ്പെടുന്ന സാഹചര്യമാണ് അവിടെയുണ്ടായത്. മേൽശാന്തി ആദ്യം വിളക്ക് കൊളുത്തിയശേഷം ദീപം കീഴ്ശാന്തിക്ക് നൽകി. ഇദ്ദേഹവും കൊളുത്തിയശേഷം മന്ത്രിക്ക് കൊടുക്കാതെ വിളക്ക് താഴെവെച്ചതാണ് മാസങ്ങൾക്കുശേഷം മന്ത്രിതന്നെ പൊതുവേദിയിൽ വെളിപ്പെടുത്തിയയത്.
പൂജാരിമാർ വിളക്ക് കൊളുത്തിയശേഷം മറ്റൊരാൾക്ക് നൽകുന്നത് ആചാരലംഘനമാണെന്നാണ് വിശ്വാസം. ഇതെല്ലാം അറിയുന്ന ക്ഷേത്ര കമ്മിറ്റിക്കാർ എന്തിന് മന്ത്രിയെ അവിടേക്ക് കൊണ്ടുവന്നുവെന്നാണ് പാർട്ടിയുമായി ബന്ധമുള്ളവർതന്നെ ചോദിക്കുന്നത്. പൂജാരിമാരെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ഒഴിവാക്കിയിരുന്നെങ്കിലും മന്ത്രി അപമാനിക്കപ്പെടുന്ന സാഹചര്യമുണ്ടാവുമായിരുന്നില്ല.
ടി.എം. മധുസൂദനൻ എം.എൽ.എയും ക്ഷേത്ര കമ്മിറ്റി ചെയർമാനും അന്നുതന്നെ അബദ്ധം മനസ്സിലാക്കി. വിളക്ക് മന്ത്രിക്ക് നൽകാതെ താഴെവെച്ച നടപടിയിൽ മന്ത്രിയും അതൃപ്തി പ്രകടിപ്പിച്ചു. ദേവസ്വം എക്സിക്യുട്ടീവ് ഓഫിസർ വെച്ചുനീട്ടിയ വിളക്ക് നിരസിച്ചുതന്നെ മന്ത്രി രോഷം പ്രകടിപ്പിച്ചു. അധികമാരുമറിയാതെ കെട്ടടങ്ങിയ വിവാദമാണ് ഇപ്പോൾ വീണ്ടും സജീവമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.