പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സുകളിൽ ദുരന്തബാധിതർക്ക് താൽക്കാലിക താമസമൊരുക്കും -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsകൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ താമസത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിൻ്റെ 27 ക്വാർട്ടേഴ്സുകൾ ഇതിനുവേണ്ടി ഉപയോഗിക്കും. കൽപ്പറ്റയിൽ 15, പടിഞ്ഞാറത്തറയിൽ 6, ബത്തേരിയിൽ 2, കാരാപ്പുഴയിൽ 4 എന്നിങ്ങനെയാണ് ക്വാർട്ടേഴ്സുകൾ അനുവദിക്കാൻ സാധിക്കുക. ഇതിനുപുറമെ അറ്റകുറ്റപ്പണികൾ നടത്തിലും ചില ക്വാർട്ടേഴ്സുകൾ ഉപയോഗയോഗ്യമാക്കും. ഒഴിഞ്ഞുകിടക്കുന്ന കൂടുതൽ ക്വാർട്ടേഴ്സുകളുടെ എണ്ണമെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സാധ്യമായ എല്ലാ വകുപ്പുകളുടെയും കെട്ടിടങ്ങൾ ഉപയോഗിക്കാൻ ആണ് തീരുമാനിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിൻ്റെ ക്വാർട്ടേഴ്‌സ് ഉൾപ്പെടെ സർക്കാരിൻ്റെ കീഴിലുള്ള കെട്ടിടങ്ങളിൽ 64 കുടുംബങ്ങൾക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൊവ്വാഴ്ച ചേരുന്ന മന്ത്രിതല ഉപസമിതി യോഗം കാര്യങ്ങൾ അവലോകനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കും. ഈ റിപ്പോർട്ട് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തു കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.