കെ.എസ്.ഇ.ബി നിയമന നിരോധനത്തിനിടയിലും താൽക്കാലിക നിയമനം
text_fieldsകോഴിക്കോട്: പുനഃസംഘടനയുടെ മറവിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെ.എസ്.ഇ.ബി) മൂന്നുവർഷത്തെ നിയമന നിരോധനം നിലനിൽക്കുമ്പോഴും പി.എസ്.സി റാങ്ക്ലിസ്റ്റ് നോക്കുകുത്തിയാക്കി താൽക്കാലിക നിയമനം തകൃതി. ആശ്രിത, സ്പോർട്സ് ക്വോട്ട നിയമനവും ബൈട്രാൻസ്ഫർ നിയമനവും തുടരുകയാണ്. ജൂനിയർ അസിസ്റ്റൻറ്/കാഷ്യർ തസ്തികയിൽനിന്ന് സീനിയർ അസിസ്റ്റന്റായുള്ള പ്രമോഷനും മുടക്കമില്ലാതെ നടക്കുന്നു.
ജൂനിയർ അസിസ്റ്റൻറ്/കാഷ്യർ തസ്തികയിൽ ഏറ്റവും അവസാനം 60 പുതിയ ഒഴിവ് റിപ്പോർട്ട് ചെയ്തത് 2017 സെപ്റ്റംബർ 18നാണ്. ഇതിനുശേഷം വന്ന റാങ്ക്ലിസ്റ്റുകളിൽനിന്ന് നിയമനമൊന്നും നടന്നിട്ടില്ല. വിവരാവകാശ മറുപടി പ്രകാരം പല സെക്ഷനുകളിലും ജൂനിയർ അസിസ്റ്റൻറ്/കാഷ്യർ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഈ തസ്തികയിൽ ജോലി ചെയ്യുന്നത് സീനിയർ അസിസ്റ്റന്റുമാരോ വർക്ക് അറേഞ്ച്മെൻറ് വ്യവസ്ഥയിൽ ഓഫിസ് അറ്റൻഡൻഡോ ലൈൻമാനോ ആണ്. ജൂനിയർ അസിസ്റ്റൻറ്/കാഷ്യർ തസ്തികയിൽനിന്ന് സീനിയർ അസിസ്റ്റന്റുമാരായി കഴിഞ്ഞ നാല് വർഷത്തിനിടെ 685 പേർക്ക് സ്ഥാനക്കയറ്റം നൽകി.
കേരള പി.എസ്.സിയുടെ സ്യൂട്ടബിലിറ്റി ടെസ്റ്റ് ഇല്ലാതെ ജൂനിയർ അസിസ്റ്റൻറ്/കാഷ്യർ തസ്തികയിലേക്ക് ബൈ ട്രാൻസ്ഫർ നിയമനത്തിനായി 10 ശതമാനം ക്വോട്ടയും മാറ്റിവെച്ചിട്ടുണ്ട്. ഇതുപ്രകാരം 2021 ഫെബ്രുവരിയിൽ 76 ഓളം കാഷ്യർ തസ്തിക സൃഷ്ടിച്ചു. വീണ്ടും പുതിയ നിയമനത്തിനായി വിജ്ഞാപനം ഇറക്കി. എന്നാൽ, ഇതിന് ആനുപാതികമായി കേരള പി.എസ്.സിയുടെ കമ്പനി-കോർപറേഷൻ ജൂനിയർ അസിസ്റ്റൻറ് റാങ്ക്ലിസ്റ്റിൽനിന്ന് കഴിഞ്ഞ ആറു വർഷമായി നിയമനം നടന്നിട്ടില്ല.
ഏറ്റവും ജോലി ഭാരമുള്ള സീനിയർ അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിലും ആളുകൾ തുടരുന്നു. ഈ തസ്തികയുടെ ഏക ഫീഡർ കാറ്റഗറി കാഷ്യർ/ജൂനിയർ അസിസ്റ്റന്റ് ആണ്. പ്രമോഷൻ തസ്തികയേക്കാൾ കൂടുതൽ ഫീഡർ തസ്തിക ഉണ്ടാകണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. ആകെയുള്ള 778 സെക്ഷൻ ഓഫിസുകളിൽ മിനിസ്റ്റീരിയൽ ജോലി നടക്കണമെങ്കിൽ കാഷ്യർ/ജൂനിയർ അസിസ്റ്റന്റ് തസ്തിക വേണം. എന്നാൽ, മിക്കയിടത്തും ഇപ്പോഴുത് ഓഫിസ് അറ്റൻഡൻഡും ലൈൻമാനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.