താൽക്കാലിക ബെയ്ലി പാലം: കരസേനക്ക് അടിയന്തര ശിപാർശ സമർപ്പിക്കാൻ ഹൈകോടതി നിർദേശം
text_fieldsകൊച്ചി: പമ്പ ഞുണങ്ങാറിന് കുറുകെ താൽക്കാലിക ബെയ്ലി പാലം നിർമാണത്തിന് കരസേനക്ക് ശിപാർശ സമർപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടു. ശിപാർശ ശനിയാഴ്ചതന്നെ കരസേനയുടെ തിരുവനന്തപുരം സ്റ്റേഷൻ കമാൻഡർക്ക് നൽകാനാണ് ദുരന്തനിവാരണ അതോറിറ്റി ചെയർമാെൻറ ചുമതല വഹിക്കുന്ന അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദേശം നൽകിയത്. ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് അടിയന്തര ശിപാർശക്ക് നിർദേശം നൽകിയത്.
ഞുണങ്ങാറിന് കുറുകെ വാഹനം കടത്തിവിടാൻ താൽക്കാലികമായി ഒരുക്കിയ സംവിധാനം ഈ മാസം 11ലെ ശക്തമായ മഴയിൽ ഒലിച്ചുപോയതോടെയാണ് അടിയന്തരമായി ബെയ്ലി പാലം നിർമിക്കണമെന്ന റിപ്പോർട്ട് ശബരിമല സ്പെഷൽ കമീഷണർ കൂടിയായ കൊല്ലം അഡിഷനൽ ജില്ല ജഡ്ജ് എം. മനോജ് കോടതിക്ക് സമർപ്പിച്ചത്. ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം 16ന് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തര നിർദേശം. സർക്കാർ ശിപാർശ നൽകിയാൽ പാലം നിർമാണാനുമതി വേഗത്തിലാക്കാമെന്ന് എ.എസ്.ജി കോടതിയെ അറിയിച്ചു. ചെലവ് ആര് വഹിക്കുമെന്നത് സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് സംസ്ഥാന സർക്കാറിന് കോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.