സമസ്ത-സി.ഐ.സി വിവാദത്തിന് താൽക്കാലിക വെടിനിർത്തൽ
text_fieldsമലപ്പുറം: കോ ഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.ഐ.സിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും തമ്മിലുണ്ടായ വിവാദങ്ങളിൽ താൽക്കാലിക വെടിനിർത്തൽ. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പാണക്കാട്ടെത്തി സി.ഐ.സി പ്രസിഡന്റ് കൂടിയായ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. വാഫി, വഫിയ്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം സാദിഖലി തങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഇരുവരും വ്യക്തമാക്കി.
സി.ഐ.സി വിദ്യാർഥികളുടെ പ്രതിഷേധമാണ് സമസ്ത നേതാക്കളെ സാദിഖലി തങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് പ്രേരിപ്പിച്ചത്. ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സി.ഐ.സി സംവിധാനത്തിന്റെ നടത്തിപ്പുകാരായ 118 പേരും ഹകീം ഫൈസിക്കൊപ്പം രാജി സമർപ്പിച്ചത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചിരുന്നു. സി.ഐ.സി സ്ഥാപനങ്ങളിലെ വിദ്യാർഥികൾ സാദിഖലി തങ്ങളെ നേരിൽ കണ്ട് ആശങ്ക അറിയിച്ചു. രാജി സൃഷ്ടിച്ച അനിശ്ചിതത്വത്തിൽ സ്ഥാപനത്തിൽ തുടരാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ച് സമൂഹ മാധ്യമങ്ങളിലടക്കം വിദ്യാർഥികൾ പ്രതിഷേധമുയർത്തി. വാഫി, വഫിയ്യ വിദ്യാർഥി യൂനിയനുകൾ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് സമസ്ത നേതാക്കൾ വെള്ളിയാഴ്ച രാവിലെ പാണക്കാട്ടെത്തിയത്.
സി.ഐ.സിയുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുന്നതിനും സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയതായി സമസ്ത നേതാക്കൾ അറിയിച്ചു. ഹകീം ഫൈസിക്കൊപ്പം സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ 118 പേർകൂടി രാജിവെക്കുന്ന സാഹചര്യമുണ്ടായാൽ സി.ഐ.സി സംവിധാനം കടുത്ത പ്രതിസന്ധിയിലാകും. അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് സമസ്ത നേതൃത്വം. പ്രതിസന്ധിയുടെ ആഴം ബോധ്യമായതിനാൽ ഒത്തുതീർപ്പിനുമുള്ള വഴി തെളിയുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.