കോവിഡിന് താൽക്കാലിക വിട; കുട്ടനാട്ടിൽ ആരവമുയരുന്നു
text_fieldsആലപ്പുഴ: കോവിഡിനും ലോക് ഡൗണിനും ഒക്കെ അവധി കൊടുത്ത് കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പിനുള്ള ആരവങ്ങൾ തുടങ്ങി. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറിൽ ഉണ്ടാകുമെന്നും തീയതി പിന്നാലെ അറിയിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ അറിയിപ്പ് വന്നതിന് തൊട്ടുപിന്നാലെയാണ് കോവിഡ് കാലങ്ങളൊക്കെ മറന്ന് മണ്ഡലം രാഷ്ട്രീയച്ചൂടിലമരാൻ ഒരുങ്ങുന്നത്.
കോവിഡ് കാലത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലക്കും ഉപതെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധിക്കപ്പെടും. തോമസ് ചാണ്ടി എം.എൽ.എയുടെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2019 ഡിസംബർ 20നാണ് തോമസ് ചാണ്ടി മരിച്ചത്. കോവിഡ് മഹാമാരി പടർന്നുപിടിച്ചതിനാൽ ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ആ നിലക്കുള്ള സൂചനകൾ നൽകി. സ്ഥാനാർഥി ചർച്ചകൾ വരെ മുന്നണികളിൽ സജീവമായ സമയത്താണ് കോവിഡ് പടർന്നുപിടിക്കുന്നത്. ഇതോടെ രാഷ്ട്രീയ ചർച്ചകൾ ഒന്ന് ശമിച്ചിരുന്നു.
ജില്ലയിലെ മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പാണ് പിണറായി സർക്കാറിെൻറ കാലത്ത് നടക്കാൻ പോകുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പായിരുന്നു ആദ്യം. അവിടെ സി.പി.എം മുൻ ജില്ല സെക്രട്ടറി കൂടിയായിരുന്ന സജി ചെറിയാൻ അട്ടിമറി വിജയമാണ് നേടിയത്. എ. എം. ആരിഫ് എം.പി പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അരൂർ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ അവിടെ അട്ടിമറി ജയം നേടി. ഇത് എൽ.ഡി.എഫിന് ജില്ലയിൽ നന്നായി ക്ഷീണം ചെയ്തു. സിറ്റിങ് സീറ്റാണ് അരൂരിൽ എൽ.ഡി.എഫിന് നഷ്ടമായത്.
ലോക് സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനം മൊത്തം ൈകവിട്ടപ്പോഴും ആലപ്പുഴ മാത്രമായിരുന്നു എൽ.ഡി.എഫിന് ആശ്വാസം. അതിന് അരൂരിലെ സിറ്റിങ് സീറ്റ് വിലയായി നൽകേണ്ടിയും വന്നു. ഫലത്തിൽ ഇരുമുന്നണികൾക്കും അഭിമാന പോരാട്ടമാകും വരുന്ന ഉപതെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.