അപകടകരമല്ലാത്ത സ്കൂൾ കെട്ടിടങ്ങൾക്ക് താൽക്കാലിക ഫിറ്റ്നസ്; ഫയലുകൾ തീർപ്പാക്കാൻ മൂന്നുമേഖല അദാലത്തുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കാരണങ്ങളാൽ തദ്ദേശ സ്ഥാപനങ്ങൾ ഫിറ്റ്നസ് നൽകാത്ത സ്കൂൾ കെട്ടിടങ്ങൾക്ക് താൽക്കാലികമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തദ്ദേശ മന്ത്രി എം.ബി. രാജേഷിന്‍റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. കുട്ടികൾക്ക് അപകടങ്ങളൊന്നും ഉണ്ടാക്കാൻ സാധ്യത ഇല്ലാത്ത കെട്ടിടങ്ങൾക്കാണ് ഇത്തരത്തിൽ ഫിറ്റ്‌നസ് നൽകുക. തീരുമാനം മനസ്സിലാക്കാതെ ചില തദ്ദേശ സ്ഥാപനങ്ങൾ ഫിറ്റ്നസ് നൽകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തദ്ദേശ മന്ത്രിയുമായി ആലോചിച്ച് അടിയന്തര നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മൂന്നു മേഖലാ അദാലത്തുകൾ നടത്തും. ജൂലൈ 26ന് എറണാകുളത്ത് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മധ്യമേഖലാ അദാലത്തും നടത്തും. കോട്ടയം, ഇടുക്കി, എറണാകുളം പാലക്കാട്, തൃശൂർ ജില്ലകളിലുള്ളവരാണ് മധ്യമേഖലാ അദാലത്തിൽ പങ്കെടുക്കുക. ആഗസ്റ്റ് അഞ്ചിന് കൊല്ലത്ത് തെക്കൻ മേഖല അദാലത് സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽനിന്നുള്ളവരാണ് തെക്കൻ മേഖലാ അദാലത്തിൽ പങ്കെടുക്കുക.
ആഗസ്റ്റ് 12 ന് കോഴിക്കോട് വടക്കൻ മേഖലാ അദാലത്തും നടത്തും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽനിന്നുള്ളവരാണ് വടക്കൻ മേഖലാ അദാലത്തിൽ പങ്കെടുക്കുക. അദാലത്തുകളിൽ പൊതുവിദ്യാഭ്യാസ മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ ഉൾപ്പെടെ പങ്കെടുക്കും. 2023 ഡിസംബർ 31 വരെയുള്ള ഫയലുകളായിരിക്കും അദാലത്തിൽ പരിഗണിക്കുക. ഫയലുകൾ സംബന്ധിച്ച പരാതികൾ ബന്ധപ്പെട്ട ഡി.ഡി.ഇ., ഡി.ഇ.ഒ., എ.ഇ.ഒ., ആർ.ഡി.ഡി., ഡി.ഡി ഓഫിസുകളിൽ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.