പൊതുഭരണ വകുപ്പില്‍ താൽക്കാലിക തസ്തികകള്‍ സൃഷ്ടിക്കും
text_fieldsതിരുവനന്തപുരം: കെ.എ.എസ് ഓഫിസര്‍മാരുടെ പരിശീലന കാലത്തെ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിന് പൊതുഭരണ വകുപ്പില്‍ താൽക്കാലിക തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ കെ.എ.എസ് (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയ്‌നി നിയമനങ്ങളുടെ എണ്ണത്തിന് ആനുപാതികമായാണ് തസ്തികകള്‍ സൃഷ്ടിക്കുക. പരിശീലന കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ സ്വമേധയാ ഇല്ലാതാകുമെന്ന വ്യവസ്ഥ വെച്ചിട്ടുണ്ട്.
ഭാവിയിലുണ്ടാകുന്ന എല്ലാ കെ.എ.എസ് നിയമനങ്ങള്‍ക്കും ഇത് ബാധകമാകും. മൂന്ന് സ്ട്രീമുകളിലായി 35 പേർ വീതം ആകെ 105 പേരാണ് കെ.എ.എസിലുള്ളത്. കെ.എ.എസുകാരുടെ ശമ്പള സ്കെയിലിന്റെ തുടക്കം 81,800 രൂപയാണ്. ഇതിന് തുല്യമായ വിധത്തിൽ പൊതുഭരണവകുപ്പിൽ അണ്ടർ സെക്രട്ടറി (ഹയർഗ്രേഡിന് തൊട്ടുതാഴെ) തസ്തികകളാണ് സൃഷ്ടിക്കുക.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ
സംസ്ഥാനത്തെ വന്‍കിട പദ്ധതികള്‍ നിരീക്ഷിക്കുന്നതിന് പ്രോജക്ട് കോഓഡിനേറ്റര്‍, ജൂനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികകള്‍ സൃഷ്ടിക്കും. 2021 ഒക്‌ടോബറിലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ മുണ്ടക്കയം പഞ്ചായത്തുകളിലെ 32 കുടുംബങ്ങളുടെ പുനരധിവാസത്തിന് ദാനാധാരം രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കും. കൂട്ടിക്കല്‍ വില്ലേജിലെ 160 സെന്റ് ഭൂമിയാണ് നല്‍കുക. ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ ഏലപ്പാറ വില്ലേജില്‍ സർവേ നം. 787/2ൽപെട്ട 80.94 ആര്‍ സ്ഥലം രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി വ്യാവസായിക പരിശീലന വകുപ്പിന് ഏലപ്പാറ ഐ.ടി.ഐ നിർമാണത്തിന് ഉപയോഗാനുമതി നല്‍കും.
പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന് ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് ഭൂമി അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മലബാര്‍ സിമന്റ്‌സ് ലിമിറ്റഡിലെ നോണ്‍-മാനേജീരിയല്‍ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കും. ജമ്മു-കശ്മീരില്‍ കഴിഞ്ഞവർഷം സൈനികസേവനത്തിനിടെ മരിച്ച എച്ച്. വൈശാഖിന്റെ സഹോദരി കൊട്ടാരക്കര ഓടനാവട്ടം വില്ലേജിലെ ശിൽപ ഹരിക്ക് കൊല്ലം ജില്ലയില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.