വീട്ടുപകരണങ്ങൾ ഉൾപ്പെടെ നൽകി താൽക്കാലിക പുനരധിവാസം
text_fieldsകൽപറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നല്കി താൽക്കാലിക പുനരധിവാസം ഉറപ്പാക്കും. സര്‍ക്കാര്‍ തലത്തില്‍ ഇതിനുള്ള ഒരുക്കം പുരോഗമിക്കുകയാണ്.
ഒരു വീട്ടിലേക്കു താമസം മാറുമ്പോള്‍ വേണ്ട വീട്ടുപകരണങ്ങളും അത്യാവശ്യ വസ്തുക്കളും ഉറപ്പാക്കിയാണ് സര്‍ക്കാര്‍ താൽക്കാലിക പുനരധിവാസം സജ്ജീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള ക്വാര്‍ട്ടേഴ്സുകള്‍, സ്വകാര്യ വ്യക്തികളുടെ വാടക വീടുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നൂറോളം കെട്ടിടങ്ങളാണ് ലഭ്യമായത്. തദ്ദേശ സ്ഥാപന പരിധികളിലെ സ്വകാര്യ വ്യക്തികളുടെ 253 കെട്ടിടങ്ങള്‍ വാടക നല്കി ഉപയോഗിക്കാനും കണ്ടെത്തി. കൂടാതെ നൂറോളം വീട്ടുടമസ്ഥര്‍ വീടുകള്‍ വാടകക്ക് നല്കാന് സന്നദ്ധത അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന് കീഴിലെ 15 ക്വാര്‍ട്ടേഴ്സുകള്‍ താമസിക്കാന്‍ സജ്ജമാണ്. മറ്റ് ക്വാര്‍ട്ടേഴ്സുകളില്‍ അറ്റകുറ്റപ്പണിക്കുശേഷം താമസിക്കാനാകും. കല്പറ്റ, മുണ്ടേരി, അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി, കുപ്പാടി സെക്ഷന്‍ കീഴിലെയും കാരാപ്പുഴ, ബാണാസുര പദ്ധതികള്‍ക്കു കീഴിലെയും ക്വാര്‍ട്ടേഴ്സുകളാണ് താൽക്കാലിക പുനരധിവാസത്തിനായി ലഭ്യമായത്. ലഭ്യമാകുന്ന കെട്ടിടങ്ങള്‍ പരിശോധിച്ച് ക്ഷമത, വാസയോഗ്യത, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നിവ പരിശോധിക്കാന്‍ സബ് കലക്ടറെ നോഡല്‍ ഓഫിസറായി നിയോഗിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങള്‍ തദ്ദേശ വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ നേതൃത്വത്തിലും മറ്റു സര്‍ക്കാര്‍ കെട്ടിടങ്ങളും സ്വകാര്യ വ്യക്തികളുടെ വീടുകളും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധിക്കും. ക്യാമ്പുകളിൽ കഴിയുന്നവരെ താൽക്കാലികമായി പുനരധിവസിപ്പിക്കുമ്പോള്‍ ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പടെ ലഭ്യമാക്കും. പുനരധിവാസം ഏകോപിപ്പിക്കുന്നതിന് രൂപവത്കരിച്ച സമിതി ഇതുസംബന്ധിച്ച പട്ടിക നല്‍കിയിട്ടുണ്ട്.
ഇത് പരിഗണിച്ചായിരിക്കും ദുരിതബാധിതരെ പുതിയ വീടുകളിലേക്കു മാറ്റുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക. ഇത്തരത്തില്‍ പുനരധിവാസത്തിന് എന്തൊക്കെ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നത് ആളുകളെ അറിയിക്കുമെന്നും മന്ത്രിസഭ ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്.
താൽക്കാലിക പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വൈത്തിരി തഹസില്‍ദാര്‍ കണ്‍വീനറും തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം- തദ്ദേശ വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ അംഗങ്ങളുമായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ എണ്ണം, ആവശ്യങ്ങള്‍, മുന്‍ഗണന എന്നിവ പരിഗണിച്ച് സമിതിയായിരിക്കും വീടുകൾ അനുവദിക്കുക. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളിലേക്ക് മാറുന്നവര്‍, സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന വാടക വീടുകളിലേക്ക് മാറുന്നവര്‍, സ്വന്തം നിലയില്‍ വാടക വീടുകള്‍ കണ്ടെത്തുന്നവര്‍, ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ എന്നിങ്ങനെയായിരിക്കും താൽക്കാലിക പുനരധിവാസം എന്നും ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്.
മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കല്പറ്റ, അമ്പലവയല്‍, മുട്ടില്‍ പഞ്ചായത്തുകളിലായിരിക്കും ആദ്യഘട്ടത്തില്‍ വാടകവീടുകള്‍ ക്രമീകരിക്കുക. ഏത് പഞ്ചായത്തിലേക്ക് മാറണം എന്നത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആളുകള്‍ക്കുണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.