സ്ഥലംമാറ്റത്തിന് താൽക്കാലിക സ്റ്റേ; അധ്യാപകരും വിദ്യാർഥികളും ആശങ്കയിൽ
text_fieldsകണ്ണൂർ: ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് താൽക്കാലികമായി നിർത്തിവെച്ചതോടെ അധ്യാപകരും വിദ്യാർഥികളും ആശങ്കയിൽ. നിലവിലെ അവസ്ഥ തുടരണമെന്നാണ് ഉത്തരവിൽ പറയുന്നത്. മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്ഥലംമാറ്റം കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഇത് തീർപ്പാക്കുന്നതുവരെയാണ് നടപടി നിർത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
പൊതുസ്ഥലം മാറ്റം പരിഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻഗണന നൽകണമെന്ന് ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു. ഇത് പരിഗണിക്കാതെ കഴിഞ്ഞ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിനാണ് സ്റ്റേ.
സ്ഥലംമാറ്റം ലഭിച്ചവർ വിടുതൽ വാങ്ങി പോയി മറ്റു ജില്ലകളിലടക്കം ജോലിയിൽ പ്രവേശിച്ചെങ്കിലും പകരം ആളെത്തിയിട്ടില്ല. മാനദണ്ഡം പാലിക്കാതെയാണ് സ്ഥലം മാറ്റമെന്നാരോപിച്ച് ചില അധ്യാപകർ ജോലിയിൽനിന്ന് വിടുതൽ ചെയ്തിരുന്നില്ല. ഇത്തരത്തിൽ വിടുതൽ ചെയ്യാത്തവരും ആ തസ്തികയിലേക്ക് സ്ഥലംമാറി വന്നവരും അടക്കം ഒരു തസ്തികയിൽ തന്നെ രണ്ട് അധ്യാപകരുള്ള സ്കൂളുകളും ഏറെയാണ്. നടപടികൾ നിർത്തിവെച്ച് ഉത്തരവിറങ്ങിയതോടെ വിടുതൽ ചെയ്ത അധ്യാപകർക്ക് പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. വിടുതൽ ചെയ്ത് നിശ്ചിത ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാത്തവർക്ക് സർവിസ് ബ്രേക്ക് വരുമോയെന്ന ആശങ്കയുമുണ്ട്. ഉത്തരവ് നിലനിൽക്കുന്നതിനാൽ സ്ഥലംമാറ്റം ലഭിച്ച സ്കൂളുകളിൽ ജോലിയിൽ പ്രവേശിക്കാൻ പ്രിൻസിപ്പൽമാർ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.
പഴയ സ്കൂളിൽ തുടരാനുമാവില്ല. ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാർക്ക് രജിസ്ട്രേഷൻ അടക്കം നടത്താൻ കഴിയുന്നില്ലെന്നാണ് അധ്യാപകർ പറയുന്നത്.
അധ്യാപകർ വിടുതൽ ചെയ്യുകയും പുതിയ ആൾ വരാതിരിക്കുകയും ചെയ്തതോടെ അധ്യയനം പ്രതിസന്ധിയിലായി. മാർച്ച് ഒന്നിന് പൊതുപരീക്ഷ ആരംഭിക്കാനിരിക്കെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ജില്ലയിൽ വിവിധ വിഷയങ്ങളിലായി 1200ഓളം അധ്യാപകർക്കാണ് സ്ഥലംമാറ്റം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.