താൽക്കാലിക വി.സി നിയമനം: പുതിയ പാനൽ സമർപ്പിച്ചു
text_fieldsതിരുവനന്തപുരം: എം.ജി, മലയാളം സർവകലാശാലകളിൽ താൽക്കാലിക വി.സി നിയമനത്തിന് സർക്കാർ പുതിയ പാനൽ സമർപ്പിച്ചു. എം.ജിയിൽ കാലാവധി പൂർത്തിയായ വൈസ്ചാൻസലർ ഡോ. സാബു തോമസിന്റെ പേര് ഉൾപ്പെടുത്തി നേരത്തെ സർക്കാർ സമർപ്പിച്ച പാനൽ ഗവർണർ തള്ളിയതിനെ തുടർന്നാണ് മൂന്ന് സീനിയർ പ്രഫസർമാരുടെ പേര് സഹിതം പുതിയ പാനൽ നൽകിയത്.
കാലാവധി പൂർത്തിയാക്കിയ സർവകലാശാലയിലെ പ്രഫസർ കൂടിയായ ഡോ. സി.ടി. അരവിന്ദകുമാർ, ഡോ. കെ. ജയചന്ദ്രൻ, ഡോ. സി. സുദർശനകുമാർ എന്നിവരാണ് പുതിയ പാനലിലുള്ളത്. മലയാളം സർവകലാശാലയിൽ എം.ജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ ഡോ.പി.എസ്. രാധാകൃഷ്ണൻ, കാലടി സംസ്കൃത സർവകലാശാലയിലെ ഡോ.എം. കൃഷ്ണൻ, ഡോ.എൽ. സുഷമ എന്നിവരുടെ പേരടങ്ങിയ പാനലാണ് സമർപ്പിച്ചത്.
എം.ജി സർവകലാശാലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വി.സി എന്ന നിലയിലാണ് സാബു തോമസിനെ നിയമിക്കാൻ സർക്കാർ താൽപര്യം പ്രകടിപ്പിച്ചതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. എന്നാൽ ഗവർണർ മൂന്ന് സീനിയർ പ്രഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ പാനൽ നൽകിയതെന്നും മന്ത്രി പറഞ്ഞു.
അനിശ്ചിതത്വം തീർക്കേണ്ടത് ഗവർണർ -മന്ത്രി ഡോ. ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിലെ അനിശ്ചിതത്വം പരിഹരിക്കേണ്ടത് ഗവർണറാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു. എട്ട് സർവകലാശാലകളിൽ സ്ഥിരം വി.സിമാരില്ലാത്തത് സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വി.സി നിയമനവുമായി ബന്ധപ്പെട്ട സർവകലാശാല നിയമഭേദഗതിക്കായി നിയമസഭ ബിൽ പാസാക്കി ഗവർണർക്ക് കൊടുത്തിട്ടുണ്ട്. ബില്ലിൽ ഗവർണർ ഒപ്പിട്ട് തരുകയോ അല്ലെങ്കിൽ അപാകത ചൂണ്ടിക്കാട്ടി തിരിച്ചുതരുകയോ വേണം. ഇത് രണ്ടും നടന്നിട്ടില്ല. അനിശ്ചിതത്വം തീർക്കാൻ ഗവർണറുടെ ഭാഗത്തുനിന്നാണ് നടപടിയുണ്ടാകേണ്ടത്. സൗഹാർദപരമായി പ്രശ്നം തീർക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവ. കോളജ് പ്രിൻസിപ്പൽ നിയമനത്തിലെ തടസ്സം ജൂൺ 15നകം പരിഹരിക്കും. പട്ടിക സംബന്ധിച്ച പരാതി പരിഹരിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.