പുതുവർഷ സമ്മാനമായി സർക്കാറിന്‍റെ പത്തിന പദ്ധതികൾ; പ്രകൃതി സൗഹാർദ ഗാർഹിക നിർമാണങ്ങൾക്ക് ഗ്രീൻ റിബേറ്റ്
text_fieldsതിരുവനന്തപുരം: പുതുവർഷദിനത്തിൽ പത്തിന പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇവ സമയബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് സംസ്ഥാനത്തെ ഗുരുതരമായി ബാധിച്ചെങ്കിലും വികസന പ്രവർത്തനങ്ങളിലും ക്ഷേമപ്രവർത്തനങ്ങളിലും സർക്കാർ പിന്നോട്ടുപോയിട്ടില്ല. കോവിഡ് നാളിൽ പ്രഖ്യാപിച്ച 100 ദിന പരിപാടി ഉദ്ദേശിച്ചതിനേക്കാൾ വിജയമാണ്. രണ്ടാംഘട്ട 100 ദിന പരിപാടികൾ പ്രഖ്യാപിച്ച് അതിന്‍റെ പ്രവർത്തനങ്ങളും നടന്നുവരികയാണ്. ഇതിന് പുറമെയാണ് പുതുവത്സര നാളിൽ സംസ്ഥാനത്തെ ജനങ്ങൾക്കായി പത്ത് പുതിയ പദ്ധതികൾ കൂടി പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയോജനങ്ങൾക്ക് സഹായ പദ്ധതി
വയോജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ വീട്ടിലെത്തി നൽകുന്നതാണ് ഇതിൽ ഒന്നാമത്തേത്. സഹായികളില്ലാത്ത വയോധികർക്ക് സർക്കാർ ഓഫിസിൽ കയറിയിറങ്ങേണ്ട. ഇവരെ സഹായിക്കാൻ സാമൂഹിക സന്നദ്ധ പ്രവർത്തകരുടെ സേവനം ഉപയോഗിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇത് നടപ്പാക്കുക. ഭവന സന്ദർശനത്തിലൂടെയാണ് സഹായം ആവശ്യമായ വയോജനങ്ങളെ കണ്ടത്തേണ്ടത്. പ്രസ്തുത പദ്ധതി ജനുവരി 15ന് ആരംഭിക്കും.
1000 വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം ഏറെ മുന്നോട്ടുപോയിട്ടുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ഇനിയും വളരാനുണ്ട്. കൂടാതെ സാമ്പത്തിക ശേഷി കുറഞ്ഞ വിദ്യാർഥികൾക്ക് ലോകത്തെ മികച്ച യൂനിവേഴ്സിറ്റികളിൽ പോയി പഠിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇത് പരിഹാരിക്കാൻ എമിനൻസ് കോഴ്സ് ഓൺലൈൻ എന്ന പരിപാടി ആരംഭിക്കും.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ലോക പ്രശസ്തരുമായി ആശയവിനിമയം നടത്താൻ വിദ്യാർഥികൾക്ക് അവസരമൊരുക്കും. ഓൺലൈനായിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ മേൽനോട്ടത്തിലാണ് പരിപാടി. കൂടാതെ വാർഷിക വരുമാനം 2.5 ലക്ഷത്തിന് താഴെയുള്ള കുടുംബങ്ങളിലെ 1000 വിദ്യാർഥികൾക്ക് ഉന്നതപഠനത്തിനായി ഒരു ലക്ഷം രൂപ വീതവും നൽകും.
അഴിമതി മുക്ത കേരളം
സമൂഹത്തിലെ പുഴുക്കുത്താണ് അഴിമതി. ഇത് തടയാൻ പല വഴികളാണ് പരീക്ഷിച്ചിട്ടുള്ളത്. അഴിമതിയെ പിഴുതെറിയാൻ 'അഴിമതി മുക്ത കേരളം' പരിപാടി നടപ്പാക്കും. അഴിമതിയെ കുറിച്ച് വിവരം ലഭ്യമാക്കുന്ന ആളുകളുടെ വിവരം രഹസ്യമായി സൂക്ഷിക്കും. പ്രത്യേക സോഫ്റ്റ്വെയറിലൂടെയാണ് പരാതികൾ ഉന്നയിക്കേണ്ടത്. സർക്കാർ വിജ്ഞാപനം ചെയ്യുന്ന അതോറിറ്റിക്ക് മുന്നിലാണ് പരാതി നൽകാനാവുക. വിവരം നൽകുന്നവർ സർക്കാർ ഓഫിസിന്‍റെ പടിചവിേട്ടണ്ട ആവശ്യം വരില്ല. രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമായിരിക്കും അന്വേഷണത്തിന് ഉത്തരവ് നൽകുക. ജനുവരി 26ന് പദ്ധതി ആരംഭിക്കും.
സ്കൂളുകളിൽ കൂടുതൽ കൗൺസിലർമാർ
കുട്ടികളുടെ ഇടയിലെ ആത്മഹത്യ പ്രവണത സമൂഹത്തെ വളരെയധികം അലോസരപ്പെടുത്തുന്നുണ്ട്. ഇത് തടയാൻ സ്കൂളിലെ കൗൺസിലർമാരുടെ എണ്ണം ഇരട്ടിയാക്കും. ഇവരുടെ സമയോജിതമായി ഇടപെടൽ ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ. മാസത്തിൽ രണ്ട് തവണ രക്ഷകർത്താക്കൾക്കും കൗൺസിലിങ് ലഭ്യമാക്കും.
സ്ത്രീകൾക്ക് ഓൺലൈൻ കൺസൾേട്ടഷൻ
വിവിധ തരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ഓൺലൈൻ കൺസൾേട്ടഷൻ ഏർപ്പെടുത്തും. സൈക്കോളജിസ്റ്റ്, നിയമ വൈദഗ്ധ്യമുള്ള വ്യക്തി, ഉയർന്ന വനിത പൊലീസ് ഒാഫിസർ എന്നിവർ ജില്ല തലത്തിൽ നേതൃത്വം നൽകും.
അനീമിയ നിർമാർജ്ജനം
കുട്ടികളുടെ ഇടയിലെ അനീമിയ (വിളർച്ച) നിർമാർജ്ജനം ചെയ്യാൻ പദ്ധതി ആരംഭിക്കും. കുട്ടികൾക്കും കൗമാരക്കാർക്കും മതിയായ പോഷകാഹാരം ലഭിക്കാത്തതാണ് രോഗത്തിന് കാരണം. സംസ്ഥാനത്ത് 39.4 ശതമാനം കുട്ടികൾക്ക് അനീമിയ ഉണ്ടെന്നാണ് കണക്ക്.
10നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കിടയിൽ എത്ര പേർക്ക് അനീമിയ ഉണ്ടെന്നത് അറിയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പരിശോധന നടത്തും.
അംഗൻവാടിയിലെ ജീവനക്കാർക്കടക്കം പരിശോധന നടത്താൻ പരിശീലനം നൽകും. ഫെബ്രുവരി 15ന് മുമ്പ് സംസ്ഥാന തലത്തിൽ പരിശോധന പൂർത്തിയാക്കും. രോഗം കണ്ടെത്തുന്നവർക്ക് പോഷകാഹാരം ലഭ്യമാക്കും. കടുത്ത പ്രശ്നമുള്ളവർക്ക് ഡോക്ടർമാരുടെ സേവനവും നൽകും. അനീമിയക്കെതിരെ ബോധവത്കരണ നപടികളും സ്വീകരിക്കും.
ഗ്രീൻ റിബേറ്റ്
നിർമാണ മേഖലയിൽ പ്രകൃതി വിഭവങ്ങളുടെ ചൂഷണം വർധിച്ചിട്ടുണ്ട്. ഇത് പരിസ്ഥിതിയുടെ സന്തുലാനാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതി സൗഹാർദ നിർമാണ രീതികളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇനിയും കൂടുതൽ പ്രോത്സാഹനം ആവശ്യമായി വരുന്നു. മരംമുറി ഒഴിവാക്കുക, നിലംനികത്തൽ ഒഴിവാക്കുക, ഫ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിക്കുക, കിണറുകളും ശുദ്ധജല സ്രോതസ്സുകളും നിലനിർത്തുക എന്നിങ്ങനെ സർക്കാർ നിർദേശിക്കുന്ന പ്രകൃതിസൗഹർദ നിർമാണ രീതി അവലംബിക്കുന്ന ഗാർഹിക നിർമാണങ്ങൾക്ക് ഒറ്റത്തവണയായി അടക്കുന്ന കെട്ടിടനികുതിയിൽ നിശ്ചിത ശതമാനം ഗ്രീൻ റിബേറ്റ് അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഉത്തരവും മറ്റു നിബന്ധനകളും ജനുവരിയിൽ തന്നെ പുറത്തിറക്കും.
എല്ലാ വില്ലേജിലും പൊതുയിടങ്ങൾ
പ്രാദേശിക തലത്തിൽ ആളുകൾക്ക് പ്രഭാത - സായാഹ്ന സവാരി നടത്താനും കളിക്കാനും പൊതുയിടങ്ങൾ അനിവാര്യമാണ്. എല്ലാ വില്ലേജുകളിലും ഇത്തരം പൊതുയിടങ്ങൾ തയാറാക്കും. വയോജനങ്ങൾക്ക് ഒത്തുകൂടാൻ പല സ്ഥലങ്ങളും ഇപ്പോഴുണ്ട്. അത് വ്യാപിപ്പിക്കും. കാടുമൂടിയ പൊതുയിടങ്ങൾ ശുചീകരിക്കും.
ഡിജിറ്റൽ മീഡിയ സാക്ഷരത
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്മാർട്ട് ഫോൺ, ഇന്‍റർനെറ്റ് ഉപയോക്താക്കൾ കൂടുതലാണ്. എന്നാൽ, ഡിജിറ്റൽ മീഡിയ നുണകളുടെയും തെറ്റായ വിവരങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുന്നു. ഇതിൽ അവബോധം സൃഷ്ടിക്കാൻ സത്യമേ വജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയ സാക്ഷരത പരിപാടി ആരംഭിക്കും. ഡിജിറ്റൽ മീഡിയയെക്കുറിച്ച് സ്കൂളിലും കോളജുകളിലും പഠിപ്പിക്കും. ഇതിനായി പാഠ്യപദ്ധതി വിപുലീകരിക്കും.
പ്രവാസികളുടെ അപേക്ഷയിൽ 15 ദിവസത്തിനകം നടപടി
കോവിഡ് കാരണം പല പ്രവാസികളും ജോലിയില്ലാതെ തിരിച്ചെത്തിയിട്ടുണ്ട്. ഇവരിൽ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. മടങ്ങി വന്ന പ്രവാസികൾ ആവശ്യമായ സർക്കാർ രേഖകൾക്ക് അപേക്ഷിച്ചാൽ 15 ദിവസത്തിനുള്ളിൽ അത് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.