Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമർ ഫൈസി മുക്കത്തെ...

ഉമർ ഫൈസി മുക്കത്തെ പിന്തുണച്ച് 10 മുശാവറ അംഗങ്ങൾ; ‘മതവിധി പറയുന്ന പണ്ഡിതന്മാരെ പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്നത് ഖേദകരം’

text_fields
bookmark_border
Umar Faizi Mukkam
cancel
camera_alt

ഉമർ ഫൈസി മുക്കം

കോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന വിവാദത്തിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ പിന്തുണച്ച് 10 മുശാവറ അംഗങ്ങൾ. മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തിൽ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്ന് സംയുക്ത പ്രസ്താവനയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രവാചക കുടുംബത്തെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്ത് വർധിച്ചു വരുന്നതായും പ്രസ്താവനയിൽ പറഞ്ഞു.

മുശാവറ അംഗങ്ങളുടെ സംയുക്ത പ്രസ്താവന:

മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തിൽ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണ്. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധർമമാണ്. സമസ്‌ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന് നേരെ നടന്നു കൊണ്ടിരിക്കുന്ന ദുഷ് പ്രചാരണങ്ങളും അദ്ദേഹത്തിനെതിരെ പൊലീസ് കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ല. മത പണ്ഡിതന്മാരെയും സമൂഹം ഏറെ ആദരിക്കുന്ന പ്രവാചക കുടുംബത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്ത് വർധിച്ചു വരുന്നത് ആശങ്ക ഉളവാക്കുന്നു.

സമസ്‌ത പ്രസിഡന്‍റ് ഉൾപ്പടെയുള്ള പണ്ഡിതന്മാർക്കും സംഘടനക്കും നേരെ കഴിഞ്ഞ ഏതാനും മാസങ്ങളായി ദുഷ്പ്രചരണം നടക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തപെട്ട ആളുകൾ പോലും ഇതിൽ ഭാഗഭാക്കാകുന്നു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഉൾപെടെ ഉത്തവാദിത്വപ്പെട്ട നേതാക്കൾ നിരന്തരം ഇതാവർത്തിക്കുന്നതിൽ സമസ്‌ത നേതൃത്വം നേരെത്തെ പ്രതിഷേധം അറിയിച്ചതാണ്. ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നത് സുന്നി വിശ്വാസികളെ പ്രയാസപ്പെടുത്തിയ കാര്യമാണ്.

കേരള മുസ്ലിംകളിലെ സിംഹഭാഗത്തെ പ്രധിനിധികരിക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശാക്തീകരണത്തെ തടയിടുന്നതിൽ സലഫി - ജമാഅത്ത് -തീവ്രവാദ സംഘടനകൾ എക്കാലവും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ സുന്നികളുമായുള്ള ആശയപരമായ പോരാട്ടത്തിൽ ദയനീയമായി പരാജയപ്പെട്ട ഇസ്ലാമിലെ പരിഷ്കരണ വാദികൾ എന്നറിയപ്പെടുന്ന ഈ വിഭാഗം സമസ്തയുടെ ഘടനാപരമായ പ്രവർത്തനങ്ങളിലും സ്ഥാപനങ്ങളിലും നുഴഞ്ഞു കയറുകയും ഇടപെടുകയും ചെയ്യുന്നതിന്‍റെ അനന്തരഫലമാണ് സുന്നി പ്രാസ്ഥാനിക രംഗത്ത് ഇന്ന് നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് നിമിത്തമായിട്ടുള്ളത്.

സി.ഐ.സി വിഷയത്തിൽ സയ്യിദ് സ്വാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപെടെയുള്ള മധ്യസ്ഥന്മാർ പലവട്ടം എടുത്ത മധ്യസ്ഥ തീരുമാനങ്ങൾ നിഷ്കരുണം തള്ളിക്കളഞ്ഞെന്ന് മാത്രമല്ല മധ്യസ്ഥന്മാർ വീണ്ടും ചർച്ച ചെയ്യാനിരിക്കെയാണ് മാറ്റി നിർത്തപ്പെട്ടയാളെ വീണ്ടും ജനറൽ സെക്രട്ടറിയായി അവരോധിച്ചത്. ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ട് സമുദായത്തിനിടയിലെ ഐക്യം നിലനിർത്തിയും സുന്നത്ത് ജമാഅത്തിന്‍റെ ആദർശത്തിനും നിലപാടുകൾക്കും പ്രധാന്യം നൽകിയും ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ എല്ലാവർക്കും കഴിയണം.

പ്രസ്താവനയിൽ ഒപ്പുവെച്ച സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ:

1. യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ

2. വാക്കോട് മൊയ്തീൻ കുട്ടി ഫൈസി

3. എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ

4. ഒളവണ്ണ അബൂബക്കർ ദാരിമി

5. പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്

6. ഐ.ബി ഉസ്മാൻ ഫൈസി എറണാകുളം

7. ബി.കെ അബ്ദുൽ ഖാദർ മുസ്ലിയാർ ബംബ്രാണ

8. അബ്ദുസലാം ദാരിമി ആലമ്പാടി

9. ഉസ്മാനുൽ ഫൈസി തോടാർ

10. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ നെല്ലായ

പാണക്കാട് സാദിഖലി തങ്ങൾക്ക് ഖാദിയാവാൻ യോഗ്യതയില്ലെന്നായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ പരോക്ഷ വിമർശനം. ഇസ്‍ലാമിക നിയമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം ഖാദിയായത്. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നിയമങ്ങൾ കണ്ടുപിടിക്കാൻ പറ്റിയവരാവണം ഖാദിമാർ. ഖിതാബ് ഓതുകയും വേണം. ഇതൊക്കെ ഉണ്ട് എന്ന് അവരും അവകാശപ്പെടുന്നില്ല. വിവരമില്ലാത്ത എന്നെ ഖാദിയാക്കിക്കോളി എന്നാണ് പറയുന്നത്. അ​ങ്ങനെ ഖാദിയാക്കിക്കൊടുക്കാൻ കുറെയാളുകൾ. നമ്മു​ടെ കൂട്ടത്തിലുള്ള കുറെ ആളുകളും അതിന് കൂട്ടു നിൽക്കുന്നു. കുറെയാളുകൾ ചേർന്ന് ഖാദിയെ തീരുമാനിക്കുകയാണ്.

ഇതിനൊക്കെ ഒരു നിയമമില്ലെ. അതിരുവിടുകയാണ്. സമസ്ത സി.ഐ.സി വിഷയത്തിൽ ഒരു കാര്യം പറഞ്ഞു. അത് കേൾക്കാൻ തയാറായില്ല.സമസ്ത പറഞ്ഞാൽ കേൾക്കണ്ടെ. പണ്ടൊക്കെ അങ്ങനെയായിരുന്നോ? മഹല്ലുകളിൽ സമസ്തയെ വെല്ലുവിളിക്കുകയാണ്. സമസ്തയെ വെല്ലുവിളിച്ച് വേറെ പാർട്ടിയുണ്ടാക്കുകയാണ്. ഖാദി ഫൗണ്ടേഷൻ എന്തിനാണ്? ഇതിന്റെ അർഥമെന്താണ്.

അത്തരം പ്രശ്നങ്ങൾക്ക് അടുത്ത ദിവസം പരിഹാരമുണ്ടാക്കണം. അല്ലെങ്കിൽ ചിലതൊക്കെ തുറന്നുപറയും. നമ്മുടെ കൈയിൽ ആയുധങ്ങൾ ഉണ്ട്. അത് ഉപയോഗിക്കും എന്ന ഭയം നിങ്ങൾക്ക് നല്ലതാണ്. കരുതിയിരുന്നോണം. ഇതെല്ലാം ഉള്ളതാണ്. ഉള്ളതുമായി സഹകരിച്ച് പോകുന്നത് രാഷ്ട്രീയപാർട്ടിക്കാർക്കും നല്ലതാണ് -എടവണ്ണപ്പാറയിൽ നടന്ന ഗ്രാൻഡ് മൗലിദ് കോൺഫറൻസിൽ സംസാരിക്കുമ്പോഴായിരുന്നു ഉമർഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samasthasadikali shihab thangalUmar Faizi Mukkammuslim league
News Summary - Ten Samastha Mushavara members supported Umar Faizi Mukkam
Next Story