പത്തുവർഷം: പ്രതിദിനം 68 ലക്ഷം യാത്രക്കാർ കുറഞ്ഞു; 13,000 ബസ് നിരത്തൊഴിഞ്ഞു
text_fieldsകോട്ടയം: പത്തുവർഷത്തിനിടെ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളിൽ പ്രതിദിനം കുറഞ്ഞത് 68 ലക്ഷം യാത്രക്കാർ. ബസുകളുടെ എണ്ണം വൻതോതിൽ കുറഞ്ഞെന്നും അതിന് ആനുപാതികമായാണ് യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായതെന്നും ഗതാഗത വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ 11,700 സ്വകാര്യ ബസുകളും 1300 കെ.എസ്.ആർ.ടി.സി ബസുകളും റോഡിൽനിന്ന് അപ്രത്യക്ഷമായി.
യാത്രാനിരക്കിലെ വർധനയും സ്വകാര്യ വാഹനങ്ങൾ കൂടിയതും കൂടുതൽപേർ ട്രെയിൻയാത്ര തെരഞ്ഞെടുത്തതുമടക്കം കാരണങ്ങളാലാണ് യാത്രക്കാരും ബസുകളും കുറഞ്ഞത്. കോവിഡ് ലോക്ഡൗൺ ഉൾപ്പെടെ വിഷയങ്ങളും ചെലവ് വർധിച്ചതുമെല്ലാം ബസുകൾ നിരത്തിൽനിന്ന് അപ്രത്യക്ഷമാകാൻ കാരണമായിട്ടുണ്ട്.
2013ൽ 19,000 സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സർവിസ് നടത്തിയിരുന്നതെന്നാണ് കണക്ക്. നിലവിൽ ഇത് 7,300ഓളം ബസുകൾ മാത്രമാണ്. ഇതിൽ പലതും ഇപ്പോൾ സർവിസ് നടത്താൻ കഴിയാത്ത അവസ്ഥയിലായെന്നും വരുമാനനഷ്ടമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. 2013ൽ സ്വകാര്യ ബസുകളെ പ്രതിദിനം ആശ്രയിച്ചിരുന്നത് 1.04 കോടി യാത്രക്കാരായിരുന്നെന്നാണ് ഗതാഗതവകുപ്പിന്റെ രേഖകളിൽ വ്യക്തമാകുന്നത്. എന്നാൽ, ഈ വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ അത് 40 ലക്ഷമായി കുറഞ്ഞു.
കോവിഡ് ലോക്ഡൗണും ഡീസൽവില വർധനയും ഫീസുകളിലെ വർധനയും നിരക്ക് വർധനയില്ലായ്മയും സർക്കാർ നിബന്ധനകളുമെല്ലാമാണ് സ്വകാര്യ ബസ് സർവിസുകൾക്ക് തിരിച്ചടിയായതെന്നാണ് അതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. ദീർഘദൂര റൂട്ടുകൾ ഉൾപ്പെടെ കൂടുതൽ ബസ് റൂട്ടുകൾ സ്വകാര്യ ബസുകളിൽനിന്ന് കെ.എസ്.ആർ.ടി.സി ഏറ്റെടുത്തതും സ്വകാര്യ ബസ് സർവിസിന് തിരിച്ചടിയായി.
140 കി.മീറ്ററിന് മുകളിൽ ഓടിയിരുന്ന സ്വകാര്യ ബസുകളെയാണ് ഒഴിവാക്കിയത്. സ്വകാര്യ ബസുകളെ വെട്ടി കൂടുതൽ റൂട്ടുകൾ നേടിയെടുത്തെങ്കിലും അത് നേട്ടമാക്കാൻ കെ.എസ്.ആർ.ടി.സിക്കും സാധിച്ചില്ലെന്ന നിലക്കാണ് കാര്യങ്ങൾ. പത്തുവർഷം മുമ്പ് 5500 ബസുകളുണ്ടായിരുന്ന കെ.എസ്.ആർ.ടി.സിക്ക് ഇപ്പോഴത് 4200 ആയും 28 ലക്ഷം യാത്രക്കാരുണ്ടായിരുന്നത് 24 ലക്ഷമായും ചുരുങ്ങി.
ഫലത്തിൽ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾക്ക് ദിവസം നഷ്ടമായത് 68 ലക്ഷം യാത്രക്കാരെയെന്നാണ് ഔദ്യോഗിക കണക്ക്. ഒരു ബസ് സർവിസ് നിർത്തുകയാണെങ്കിൽ അഞ്ഞൂറിലധികം പേരുടെ യാത്രാസൗകര്യം ഇല്ലാതാകുമെന്നാണ് ഗതാഗതവകുപ്പിന്റെ കണക്ക്. കോവിഡ് ലോക്ഡൗണാണ് സ്വകാര്യ ബസ് മേഖലയെ സാരമായി ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.