ടെന്നീസ് ക്ലബ്: ഇളവ് നൽകാനുള്ള നീക്കത്തെ എതിർത്ത് റവന്യൂ വകുപ്പ്
text_fieldsതിരുവനന്തപുരം: ടെന്നീസ് ക്ലബിൻെറ ഭൂമിക്ക് പാട്ടകുടിശിക ഇളവ് നൽകാനുള്ള മുഖ്യമന്ത്രിയുടെയും മുൻ ചീഫ് സെക്രട്ടറിയുടെയും നീക്കത്തെ എതിർത്ത് റവന്യൂ വകുപ്പ്. ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ തുടരുന്നതിനിടയിൽ മുൻ ചീഫ് സെക്രട്ടറി നടത്തിയ അട്ടിമറിക്കെതിരെ നിയമപരമായി മറുപടി നൽകി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്. മുൻചീഫ് സെക്രട്ടറി ടെന്നീസ് കണ്ടതിനുശേഷം ക്ലബിൻെറ ഫയൽ ഒടുവിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമറിയപ്പോഴാണ് മറപടി നൽകിയത്. ഫയൽ റവന്യൂ വകുപ്പിലെത്തിയപ്പോൾ ഡോ. വി. വേണുവിനെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പുതിയ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായ ജയതിലക് മുൻചീഫ് സെക്രട്ടറിയുടെ വാദങ്ങൾ നിരാകരിച്ചു. നേരത്തെ ക്ലബ് അധികൃതരെ കേട്ടെങ്ങിലും (ഹിയറിങ്) ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ മുൻ സെക്രട്ടറി കേട്ടതിൻെറ അടിസ്ഥാനത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് ജയതിലക് ഫയലിൽ കുറിച്ചു. അതിനാൽ ബന്ധപ്പെട്ടവരെ ഒന്നുകൂടി കേൾക്കണം. ഹിയറിങ് നടത്തിയശേഷം സ്പോർട്സ് വകുപ്പുമായി വിശദമായ ചർച്ച നടത്താമെന്നും അദ്ദേഹം ശുപാർശ ചെയ്തു.
റവന്യൂ സെക്രട്ടറിയുടെ കുറിച്ച് ഭാവി തീരുമാനത്തെ പിടിച്ചുലക്കമെന്ന കാര്യത്തിൽ സംശയമില്ല. ഭൂമിയുടെ പാട്ടം, പട്ടയം എന്നിവ റവന്യൂ വകുപ്പിൻെറ തീരുമാനത്തിന് വിധേയമായി മാത്രം അനുവദിക്കേണ്ട ഒന്നാണ്. പാട്ടകുടിശികയിൽ ഇളവ് അനുവദിച്ച 2016ലെ ഉത്തരവിൽ ചൂണ്ടിക്കാണിച്ച ഏകാരണം ടെന്നീസ് ക്ലബ് ദീർഘകാലമായി ഭൂമി കൈവശം വച്ചിരിക്കുന്നുവെന്നതാണ്. അക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് ഒരിക്കലും ഇളവ് അനുവദിക്കാൻ കഴിയില്ല. സംസ്ഥാനത്തെ ഒട്ടെല്ലാം പാട്ട ഭൂമികളും പാട്ടക്കാർ ഇത്തരത്തിൽ ദീർഘകാലമായി കൈവശം വെച്ചിരുക്കുകയാണ്. ഇക്കാരണം പറഞ്ഞ് ക്ലബിന് ഇളവ് അനുവദിച്ചാൽ അതൊരു കീഴ്വഴക്കമായി മാറും. മറ്റെല്ലാ പാട്ടകാരും അത്തരത്തിൽ അവകാശം ഉന്നയിക്കും. ഒട്ടെല്ലാ പാട്ട കേസുകളും വ്യവഹാരങ്ങളിലേക്ക് തള്ളി വിടും. സംസ്ഥാനത്തിൻെറ പാട്ട വരുമാനത്തെ അത് ഗുരുതരമായി ബാധിക്കും.
തിരുവനന്തപുരം സിറ്റിയിൽ കണ്ണായ ഭാഗത്തുള്ള വലിയ വിസ്തൃതിയിലുള്ള സർക്കാർ ഭൂമിയാണിത്. സർക്കാരിന് യാതൊരു നേട്ടമോ പൊതുതാല്പര്യമോ ഇല്ലാത്ത ആവശ്യങ്ങൾക്കായി സ്വകാര്യ ക്ലബ് കൈവശംവെച്ച് ഉപയോഗിക്കുന്നത്. ഈ സ്ഥലം നോർക്കാ യു.എ.ഇ കോൺസുലേറ്റ് പോലെയുള്ള വിദേശ രാഷ്ട്രങ്ങളുടെ ഓഫീസുകൾ എന്നിവ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്നതിനായി വിഭാവന ചെയ്തിട്ടുള്ള 'വിദേശഭവൻ' സമുച്ചയം നിർമ്മിക്കുന്നതിനായി ശുപാർശ ചെയ്ത സ്ഥലമാണ്. ഈ ആവശ്യങ്ങൾക്കായി സ്ഥലം അനിവാര്യമാണ്. നിലവിൽ ഇത്തരം സ്ഥാപനങ്ങൾ വൻതുക വാടക ചെലവഴിച്ച സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുകയാണ്. അതുവഴി സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണ് ഇപ്പോഴുണ്ടാക്കുന്നത്. ഭൂമി കുത്തകപ്പാട്ട വ്യവസ്ഥയിൽ അനുവദിച്ചിരുന്നതാണ്.
വിവിധ ചട്ടങ്ങളിലും നിയമങ്ങളിലും 'പൊതുതാൽപര്യം', 'പൊതു ആവശ്യം' എന്നിവ എന്താണെന്ന് നിർണയിച്ചിട്ടുണ്ട്. അതനുസരിച്ച് ടെന്നീസ് ക്ലബ് പൊതു താല്പര്യമില്ലാത്തതും അതിൻറെ പ്രവർത്തനങ്ങൾ പൊതു ആവശ്യങ്ങളിൽ ഉൾപ്പെടാത്തതുമാണ്. ഇത്തരത്തിലുള്ള യാതൊരു നിർവചനങ്ങളുടെയും അർഥവ്യാപ്തിക്കുള്ളിൽ വരുന്നതല്ല ടെന്നീസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ. 520 സ്വകാര്യവ്യക്തികളുടെ വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണിത്. പൊതു താല്പര്യം ഉണ്ടെന്നു വരുത്തി തീർക്കുക എന്ന ഗൂഢലക്ഷ്യത്തോടെ മാത്രമാണ് വിരലിലെണ്ണാവുന്ന പൊതുജനങ്ങൾക്ക് പരിശീലനത്തിനായി ഒരു കോർട്ട് മാറ്റിവെച്ചിട്ടുള്ളത്. അനവധി വർഷങ്ങളിലെ ക്ലബ് രേഖകൾ പരിശോധിച്ചതിൽ പ്രതിദിനം ശരാശരി രണ്ടു പൊതുജനങ്ങൾക്ക് മാത്രമാണ് (അതും ഉന്നത ബന്ധമുള്ളവർ) ക്ലബ്ബിൽ താൽക്കാലിക പരിശീലനത്തിനെങ്കിലും അവസരം ലഭിച്ചിട്ടുള്ളത്.
ക്ലബ്ബിൻറെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ സംസ്ഥാനത്തുനിന്നും ക്ലബ്ബ് വഴി ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ഉയർന്നുവന്ന ആരും തന്നെയില്ല. സമൂഹത്തിലെ ഉന്നതരുടെ വിശ്രമ പരിശീലന കേന്ദ്രം മാത്രമാണിത്. പ്രതിദിനം ക്ലബ് അംഗങ്ങളല്ലാത്ത സമൂഹത്തിലെ ഉന്നതരായ ഒന്നോ രണ്ടോ പേർക്ക് മാത്രം ഒന്നരമണിക്കൂർ ഒരു കോർട്ട് പരിശീലനത്തിനായി അനുവദിക്കുക വഴി അത് സമൂഹത്തിനു സർക്കാരിന് യാതൊരു ഗുണവും ചെയ്യുന്നില്ല. യാതൊരു പൊതുതാൽപര്യവും ഇതിന് പിന്നിലില്ല.
മെമ്പർഷിപ്പിനു പ്രതിമാസം 900 രൂപയാണ് ഫീസ്. പരിശീലനത്തിന് അവസരം ലഭിക്കുന്ന പൊതുജനങ്ങളിൽ നിന്നും നിശ്ചിത ഫീസ് ഈടാക്കുന്നു. അതിനാൽ ഈ സ്ഥാപനത്തെ ഒരു ധർമ്മസ്ഥാപനമായി കണക്കാക്കാനാവില്ല. അവിടെ യാതൊരാൾക്കും സൗജന്യ പ്രവേശനമോ സൗജന്യ പരിശീലനമോ അനുവദിച്ചിട്ടില്ല. പ്രവേശനത്തിനോ പരിശീലനത്തിനോ പൊതുമാനദണ്ഡങ്ങളോ തെരഞ്ഞെടുപ്പിൽ സുതാര്യതയോ ഇല്ല. ക്ലബ് കെട്ടിടത്തിന് അനുബന്ധമായുള്ള ഹാൾ, മറ്റു കെട്ടിടങ്ങൾ എന്നിവ വിവാഹം, മറ്റു ചടങ്ങുകൾ എന്നിവക്ക് വാടകക്ക് നൽകുന്നുണ്ട്. അത് കൊമേഴ്സ്യൽ ആക്ടിവിറ്റി എന്നതിനേക്കാൾ പാട്ട വ്യവസ്ഥയുടെ ലംഘനമാണ്.
നിലവിൽ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വിലയിരുത്തി മാത്രമാകണം പൊതുതാൽപര്യം, പൊതുആവശ്യം എന്നിവ പരിശോധിക്കേണ്ടത്. ഭാവിയിൽ മാറ്റങ്ങൾ വരുത്താമെന്ന് നിർദേശിച്ചുകൊണ്ട് പൊതു താത്പര്യത്തിന് ഉപയുക്തമാകുന്ന രീതി അവലംബിക്കുന്നത് സർക്കാർ താൽപര്യങ്ങൾക്ക് വിരുധമായിരിക്കും. ഈ വസ്തുതകൾ കണക്കിലെടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് വിശദമായ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് കായിക വകുപ്പിനോട് ആവശ്യപ്പെടണമെന്നാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കുറിച്ചത്. മുഖ്യമന്ത്രിയും മുൻ ചീഫ് സെക്രട്ടറിയും ചേർന്ന് ഏതാനും സമ്പന്നരുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള നീക്കത്തിന് ഈ കുറിപ്പ് കരുത്തുറ്റ വെല്ലുവിളിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.