കൂണുപോലെ മുളക്കുന്ന ടെൻറുകൾ; സുരക്ഷ പേരിനു മാത്രം
text_fieldsകൽപറ്റ: വനമേഖലകളിലെ വഴിവിട്ട ടൂറിസം സൃഷ്ടിക്കുന്ന ദുരന്തങ്ങളിൽ ഒടുവിലത്തേതാണ് മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരിയായ കണ്ണൂർ സ്വദേശിനി മരിച്ചത്.
വയനാടിെൻറ പ്രകൃതി ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം കൂടിയതോടെ, ജില്ലയുടെ പല കോണുകളിലും ഇത്തരം ടെൻറ് ടൂറിസം കൂണുപോലെ മുളച്ചുപൊന്തുകയാണ്. യാതൊരു അനുമതിയും സുരക്ഷയുമില്ലാതെയാണ് ടെൻറുകള്‍ കെട്ടി വിനോദസഞ്ചാരികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കുന്നത്.
ടെൻറ് കേന്ദ്രങ്ങളെക്കുറിച്ച് ടൂറിസം വകുപ്പിനോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ വ്യക്തതയില്ല. ടെൻറുകൾ വെറും താൽക്കാലിക താമസസംവിധാനമായതിനാൽ റിസോർട്ടിനും ഹോട്ടലുകൾക്കുമുള്ള അംഗീകാരവും അനുമതിയും ആവശ്യമില്ല. വനഭാഗങ്ങളോടു ചേർന്നാണ് ഇത്തരം ടെൻറുകളെല്ലാം സ്ഥാപിക്കുന്നത്.
സ്ഥലമുണ്ടെങ്കിൽ എവിടെയും ടെൻറ് കെട്ടി ആളുകളെ താമസിപ്പിക്കാമെന്ന സ്ഥിതിയാണിപ്പോൾ. ചെമ്പ്ര മലയുടെ താഴ്വാരത്ത് ഉൾവനത്തോടു ചേർന്നാണ് അപകടമുണ്ടായ എക്സ്പ്ലോർ വയനാടിെൻറ റെയിൻ ഫോറസ്റ്റ് റിസോർട്ട്. ഭക്ഷണം കഴിക്കാനും അടുക്കളയും ചേർന്നുള്ള ഒരു കെട്ടിടവും രണ്ടു കിടപ്പുമുറികളുള്ള കെട്ടിടവും മാത്രമാണ് ഇവിടെയുള്ളത്. സഞ്ചാരികൾക്കുള്ള താമസസൗകര്യം മുഴുവൻ െടൻറുകളാണ്. രണ്ടു വശവും നിബിഡവനമാണ്.
റിസോർട്ടിലേക്കുള്ള വഴിയിലൂടെയാണ് ആന എത്തിയത്. ഷഹാനയും ബന്ധുക്കളും താമസിച്ചത് റിസോർട്ടിലേക്കുള്ള പ്രവേശനകവാടത്തിനരികിലാണ്. ഓടിരക്ഷപ്പെടുന്നതിനിടെ തെന്നിവീഴുകയും ആനയുടെ മുന്നിൽ അകപ്പെടുകയുമായിരുന്നു. ഈസമയം റിസോർട്ടിൽ 30 പേരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞതവണ ഉരുൾപൊട്ടലുണ്ടായ പുത്തുമലയോടു ചേർന്നുള്ള ഭാഗം, കുറുമ്പാലക്കോട്ടയുടെ താഴ്വാരം തുടങ്ങിയ പ്രദേശങ്ങളിലാണ് ടെൻറ് ടൂറിസം അനിയന്ത്രിതമായി മുളച്ചുപൊങ്ങുന്നത്. ആനയിറങ്ങുന്ന സ്ഥലങ്ങളാണെന്നുപോലും പരിഗണിക്കാതെയാണ് പല ടെൻറ് റിസോർട്ടുകളും നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.