കെ.എസ്.ആർ.ടി.സി ബസുകളുടെ കാലാവധി 17 വർഷമായി നീട്ടി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളുടെ കാലാവധി 17 വർഷമായി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവ്. നിലവിലെ മാനദണ്ഡ പ്രകാരം 15 വർഷം പിന്നിട്ട 1117 ബസുകൾ ഈ മാസത്തോടെ നിരത്തിൽനിന്ന് പിൻവലിക്കണം. ഇതു നടപ്പായാൽ ഗുരുതര ഗതാഗത പ്രതിസന്ധിയുണ്ടാകുമെന്ന് കാട്ടി കെ.എസ്.ആർ.ടി.സി സർക്കാറിനെ സമീപിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പകരം ബസ് വാങ്ങലും സാധിക്കില്ല. കോവിഡിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ സ്വകാര്യബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആർ.ടി.സി സി.എം.ഡി സർക്കാറിനെ സമീപിച്ചത്.
കേന്ദ്ര സർക്കാറിന്‍റെ പുതിയ നയപ്രകാരം സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് 15 വർഷമാണ് കാലാവധി. ഇതു കഴിഞ്ഞ വാഹനങ്ങൾ പൊളിക്കണം. അതേസമയം, സ്വകാര്യ ബസുകൾക്ക് ഈ മാനദണ്ഡം ബാധകമല്ല. പൊതു ഗതാഗതത്തിൽ ഒരുപോലെ പങ്കാളികളാകുന്ന രണ്ടു വിഭാഗം ബസുകൾക്ക് രണ്ടുതരം കാലപരിധി എന്നതാണ് ഫലത്തിൽ കേരളത്തിൽ സംഭവിച്ചത്. ഇതു കൂടി പരിഗണിച്ചാണ് ഗതാഗത വകുപ്പിന്‍റെ കാലാവധി നീട്ടൽ ഉത്തരവ്. ഇതോടെ കെ.എസ്.ആർ.ടി.സിയുടെ 1117 ബസുകളും 153 മറ്റു വാഹനങ്ങളുമടക്കം 1270 വാഹനങ്ങൾക്കാണ് ഇളവ് ലഭിക്കുക.
എന്നാൽ, കേന്ദ്രസര്‍ക്കാറിന്റെ വാഹന്‍ സോഫ്റ്റ്‌വെയറില്‍ ഇതു സംബന്ധിച്ച് മാറ്റംവരുത്താന്‍ കഴിയാത്തതിനാല്‍ ഈ വാഹനങ്ങളുടെ സേവനങ്ങള്‍ക്ക് സോഫ്റ്റ്‌വെയർ ഉപയോഗിക്കാനാവില്ല. കഴിഞ്ഞ എട്ടുവർഷത്തിനിടെ 2089 ബസുകളാണ് കോർപറേഷൻ പൊളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.