പഹൽഗാം തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നത്, രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി ചെറുക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അതിവേഗം കണ്ടെത്തുകയും നിയമത്തിനു മുന്നിൽ എത്തിക്കുകയും വേണം. തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി നേരിടാനാകണം. എല്ലാ പ്രതിലോമശക്തികളെയും അതിശക്തമായി ചെറുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 20 ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുൽമേടിലാണ് ഭീകരർ വെടിവെപ്പ് നടന്നത്.
സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
'ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. തീവ്രവാദി ആക്രമണത്തിൽ നഷ്ടപ്പെട്ട ജീവനുകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു, അനുശോചനം രേഖപ്പെടുത്തുന്നു. ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അതിവേഗം കണ്ടെത്തുകയും നിയമത്തിനു മുന്നിൽ എത്തിക്കുകയും വേണം. തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി നേരിടാനാകണം. എല്ലാ പ്രതിലോമശക്തികളെയും അതിശക്തമായി ചെറുക്കണം.'

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.