ഭീതിയിലാഴ്ത്തിയ കുറുവ മോഷണസംഘം ഒടുവിൽ പിടിയിൽ; കേരളത്തിൽ നടത്തിയത് നിരവധി മോഷണം
text_fieldsആലത്തൂർ: ജനങ്ങളെ ഭീതിയിലാഴ്ത്തിയ തമിഴ്നാട്ടിലെ കുറുവ മോഷണസംഘത്തിലെ മൂന്നുപേരെ ആലത്തൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടി. ശിവഗംഗ തിരുപ്പുവനം വണ്ടാനഗറിൽ മാരിമുത്തു എന്ന അയ്യാർ എട്ട് (50), കോഴിക്കോട് എടക്കര തലക്കുളത്തൂർ അന്നശ്ശേരി വേട്ടോട്ടു കുന്നിന്മേൽ മേത്തൽ പാണ്ഡ്യൻ എന്ന തങ്കപാണ്ഡ്യൻ (47), തഞ്ചാവൂർ ഭൂതല്ലൂർ അഖിലാണ്ടേശ്വരി നഗറിൽ പാണ്ഡ്യൻ എന്ന ശെൽവി പാണ്ഡ്യൻ (40) എന്നിവരാണ് പിടിയിലായത്.
ആഗസ്റ്റ് 31ന് വടക്കഞ്ചേരി പള്ളിക്കാട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മുന്നേകാൽ പവൻ സ്വർണമാല മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഒക്ടോബർ രണ്ടിന് വടക്കഞ്ചേരി പരുവാശ്ശേരി നെല്ലിയാംപാടത്തും മോഷണശ്രമം നടത്തിയിരുന്നു. ഈ ഭാഗത്തുനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഒക്ടോബർ അഞ്ച്, ഏഴ് തീയതികളിൽ കൊല്ലങ്കോട്ടും മോഷണശ്രമം നടത്തിയിരുന്നു. സംഘത്തെ പിടികൂടാൻ ജില്ല െപാലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു അന്വേഷണം.
ഒരു സംഘം തമിഴ്നാട്ടിലെ കമ്പം, തേനി കേന്ദ്രീകരിച്ചും മറ്റൊരു സംഘം ആനമല, മധുര, നാമക്കൽ, തഞ്ചാവൂർ കേന്ദ്രീകരിച്ചും മൂന്നാമത്തെ സംഘം കോഴിക്കോട് പേരാമ്പ്ര ഭാഗങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തിയത്. മാരിമുത്തു, പാണ്ഡ്യൻ എന്നിവരെ ആനമലയിൽനിന്നും തങ്കപാണ്ഡ്യനെ കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്.
ജനുവരി ആറിന് ഒറ്റപ്പാലം പൂക്കോട്ടുകുന്നിലെ വീട്ടിൽനിന്നും എട്ടിന് ലെക്കിടിയിലെ വീട്ടിൽനിന്നും 12ന് ഒറ്റപ്പാലം ചോറോട്ടൂരിലെ വീട്ടിൽനിന്നും മാലകൾ പൊട്ടിച്ചെടുത്തതായി പ്രതികൾ മൊഴി നൽകി. ജൂലൈ 30ന് കോഴിക്കോട് എലത്തൂരിലെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും ആഗസ്റ്റ് 31ന് വടക്കഞ്ചേരിയിലെ സ്ത്രീയുടെ മാലയും മോഷ്ടിച്ചു. ഒക്ടോബർ രണ്ടിന് നെല്ലിയാംപാടം, അഞ്ചിന് നെന്മാറ എന്നിവിടങ്ങളിൽനിന്ന് സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തു.
ഏഴിന് കൊല്ലങ്കോട്ടെ വീട്ടിൽനിന്ന് 1000 രൂപയും മോഷ്ടിച്ചതായി ഡിവൈ.എസ്.പി കെ.എം. ദേവസ്യ പറഞ്ഞു. മോഷണ മുതലുകൾ ഭൂരിഭാഗവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മാരിമുത്തുവിെൻറ പേരിൽ തമിഴ്നാട്ടിൽ 30ഓളം കേസുകളും തങ്കപാണ്ഡ്യെൻറ പേരിൽ പത്തോളം കേസുകളുമുണ്ട്. നെന്മാറ ഇൻസ്പെക്ടർ ദീപകുമാർ, എസ്.ഐ നാരായണൻ, വടക്കഞ്ചേരി ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, എസ്.ഐ സുധീഷ് കുമാർ, എ.എസ്.ഐ ബിനോയ് മാത്യു, എസ്.സി.പി.ഒമാരായ സജീവൻ, മാധവൻ, ക്രൈം സ്ക്വാഡ് എ.എസ്. ഐമാരായ ജേക്കബ്, റഷീദലി, മറ്റംഗങ്ങളായ സാജിത്, ബാബു, കൃഷ്ണദാസ്, ഷിബു, ഷിജു, സുധീഷ്, വിനു, ശ്രീജിത്ത്, മനാഫ്, സാജു എന്നിവരാണ് അന്വേക്ഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.