കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്കാരത്തിലെ ‘തീവ്രവാദി’; നടപടിയെടുക്കണം -സി.പി.എം
text_fieldsകോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിവാദമായ സ്വാഗതഗാന ദൃശ്യാവിഷ്കാരം സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി. സ്വാഗതഗാന ദൃശ്യാവിഷ്കാരത്തിൽ സംഘ്പരിവാർ പ്രവർത്തകരുടെ നുഴഞ്ഞുകയറ്റം സംബന്ധിച്ച് അന്വേഷിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിഷയം അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും അറിയിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ചാണ് സി.പി.എം ജില്ലാ സെക്രട്ടറിയറ്റും ഇപ്പോൾ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്ക്കാരം ഇതിനിടയിൽ വിമർശനത്തിനിടയാക്കിയത് സി.പി.ഐ (എം) ഗൗരവത്തോടെ കാണുന്നു. ദൃശ്യാവിഷ്ക്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽ.ഡി.എഫ് സർക്കാരും, കേരളീയ സമൂഹവും
ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ (എം) ജില്ലാസെക്രട്ടറിയേറ്റ് അവശ്യപ്പെടുന്നു -സി.പി.എം വാർത്താക്കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.