എ. വാസുവിനെതിരായ കേസിൽ സാക്ഷിവിസ്താരം തീർന്നു; തിങ്കളാഴ്ച ചോദ്യംചെയ്യൽ
text_fieldsകോഴിക്കോട്: നിലമ്പൂരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകരെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ റോഡിൽ പ്രതിഷേധിച്ചതിന് മനുഷ്യാവകാശ പ്രവർത്തകൻ എ. വാസുവിനെതിരായ കേസിൽ സാക്ഷിവിസ്താരം കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.പി. അബ്ദുൽ സത്താർ മുമ്പാകെ പൂർത്തിയായി. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടിച്ചട്ടം 313 പ്രകാരം വാസുവിനെ ചോദ്യംചെയ്യാൻ കേസ് 11ലേക്ക് മാറ്റി. സംഭവദിവസം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ സിവിൽ ഓഫിസറായിരുന്ന പി. ജയചന്ദ്രന്റെ വിസ്താരം വ്യാഴാഴ്ച നടന്നതോടെയാണ് സാക്ഷിവിസ്താരം പൂർത്തിയായതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടം മുതൽ ദേവഗിരി കോളജ് കവലവരെ മുപ്പതോളം പേർ പ്രകടനം നടത്തിയ വിഡിയോ താൻ പകർത്തിയെന്നും അതിൽ പങ്കെടുത്ത പ്രതി വാസുവിനെ തനിക്ക് തിരിച്ചറിയാമെന്നും ജയചന്ദ്രൻ മൊഴിനൽകി. സാക്ഷിയെ എതിർ വിസ്താരം ചെയ്യുന്നില്ലെന്ന് വാസു കോടതിയിൽ അറിയിച്ചു. മൊത്തം ഏഴു സാക്ഷികളെ വിസ്തരിച്ചതിൽ ഏഴാം സാക്ഷി യു. ലാലു കൂറുമാറിയിരുന്നു. ഗതാഗത തടസ്സമുണ്ടായത് താൻ കണ്ടില്ലെന്നായിരുന്നു ലാലുവിന്റെ മൊഴി. സെപ്റ്റംബർ 12ലേക്ക് മാറ്റിയ കേസ് പെട്ടെന്ന് തീർക്കാനായി വ്യാഴാഴ്ച പരിഗണിക്കാൻ കോടതി സ്വമേധയാ തീരുമാനിച്ച് ഇ-കോർട്ട് ശൃംഖലവഴി അറിയിക്കുകയായിരുന്നു. ജാമ്യമെടുക്കാൻ വിസമ്മതിച്ച വാസുവിന്റെ റിമാൻഡ് 12വരെ തുടരും. 2016 നവംബർ 26ന് നടന്ന പ്രതിഷേധത്തിനെടുത്ത കേസിൽ ഹാജരാകാത്തതിനാൽ വാറന്റ് പ്രകാരം ജൂലൈ 29നാണ് വാസുവിനെ അറസ്റ്റു ചെയ്തത്.
മുദ്രാവാക്യം തടഞ്ഞ് കോടതി
കോഴിക്കോട്: കേസ് പരിഗണിക്കുന്ന കുന്ദമംഗലം കോടതി വരാന്തയിൽ മുദ്രാവാക്യം വിളിക്കാൻ വാസുവിനെ അനുവദിക്കരുതെന്ന് മജിസ്ട്രേറ്റ് പൊലീസിന് നിർദേശം നൽകി. എന്നാൽ, കനത്ത കാവലിൽ ജില്ല ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ കോടതി വരാന്തയുടെ പടിയിറങ്ങുമ്പോൾ അദ്ദേഹം പതിവുപോലെ ‘പശ്ചിമഘട്ട കൊലപാതകങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണ’മെന്ന് മുഷ്ടിയുയർത്തി ആവശ്യപ്പെട്ടു. ‘ഇൻക്വിലാബ് സിന്ദാബാദ്, പശ്ചിമഘട്ട രക്തസാക്ഷികൾ സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുമുയർത്തി. നേരത്തേ കോടതിയിൽ ഹാജരാക്കവെ സർക്കാറിനെതിരെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത് വീഴ്ചയെന്ന് കണ്ടെത്തി പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നു.
കേസ് പിൻവലിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
വാസുവിനോടുള്ള പൊലീസിന്റെ പെരുമാറ്റം മനുഷ്യത്വപരമാകണം. വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം മാധ്യമങ്ങളിൽ കണ്ടു. 94 കാരനായ മനുഷ്യാവകാശ പ്രവർത്തകൻ മുദ്രാവാക്യം വിളിക്കുന്നത് തടയാൻ ബലം പ്രയോഗിക്കുകയാണ് അങ്ങയുടെ പൊലീസ്.
തൊപ്പികൊണ്ട് ഗ്രോ വാസുവിന്റെ മുഖം മറച്ചതും ഇതേ പൊലീസാണ്. മനഃസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്ചയാണത്. അദ്ദേഹം തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടയാളോ അല്ല. രാഷ്ട്രീയ എതിരാളികളെ അറുകൊല ചെയ്തവരും ആൾമാറാട്ടവും വ്യാജരേഖ നിർമാണവും നടത്തുന്നതുമായ സി.പി.എമ്മുകാർ പൊലീസ് കസ്റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഒരു വയോധികനോട് പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറുന്നത്.
നിയമസഭ അടിച്ചുതകർത്ത കേസ് അടക്കം എഴുതിത്തള്ളാൻ വ്യഗ്രത കാട്ടിയ സർക്കാറിന് ഈ കേസും പിൻവലിച്ചാൽ എന്താണ് കുഴപ്പമെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.