എ. വാസുവിനെതിരായ കേസിൽ സാക്ഷിവിസ്താരം തുടങ്ങി
text_fieldsകോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ എ. വാസുവിനെതിരായ കേസിൽ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.പി. അബ്ദുൽ സത്താർ മുമ്പാകെ സാക്ഷിവിസ്താരം തുടങ്ങി. കഴിഞ്ഞ തവണ കോടതിയിൽ ഹാജരാക്കിയപ്പോൾ വാസു സർക്കാറിനെതിരെ പ്രതിഷേധിച്ചത് സുരക്ഷാവീഴ്ചയാണെന്ന് വിലയിരുത്തി പൊലീസുകാർക്കെതിരെ നടപടിയുണ്ടായതിനാൽ കനത്ത കാവലിലായിരുന്നു അദ്ദേഹത്തെ ഹാജരാക്കിയത്.
പശ്ചിമഘട്ട രക്തസാക്ഷികൾ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കി കോടതിയിൽനിന്നിറങ്ങിയ വാസുവിന്റെ മുഖം പൊലീസുകാർ തൊപ്പികൊണ്ടു ബലം പ്രയോഗിച്ച് മറച്ചാണ് ജീപ്പിൽ കയറ്റിയത്. മുതിർന്ന പൗരനായതിനാൽ പെട്ടെന്ന് വിചാരണ തീർക്കണമെന്ന് സൂചിപ്പിച്ച കോടതി പ്രതിക്കൂട്ടിൽ ഇരിപ്പിടം നൽകിയെങ്കിലും അദ്ദേഹം ഇരിക്കാൻ വിസമ്മതിക്കുകയായിരുന്നു. മാവോവാദി പ്രവർത്തകരെ പൊലീസ് എറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 2016ൽ പ്രകടനം നടത്തിയതിന് എടുത്ത കേസിലാണ് എ. വാസു റിമാൻഡിൽ കഴിയുന്നത്.
കുറ്റം സമ്മതിക്കാനോ ജാമ്യാപേക്ഷ നൽകാനോ വിസമ്മതിച്ചതിനാൽ അദ്ദേഹത്തെ റിമാൻഡ് ചെയ്ത് പെട്ടെന്ന് സാക്ഷി വിസ്താരം തുടങ്ങാൻ കോടതി ഉത്തരവിടുകയായിരുന്നു. സംഭവം നടന്ന 2016 നവംബര്‍ 26ന് മെഡിക്കല്‍ കോളജ് എസ്.ഐയായ ഹബീബുല്ല, എ.എസ്.ഐ. അബ്ദുൽ അസീസ് എന്നിവരുടെ വിസ്താരമാണ് വെള്ളിയാഴ്ച പൂർത്തിയായത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കുമുന്നില്‍ എ. വാസുവിന്റെ നേതൃത്വത്തില്‍ മുപ്പതോളം പേര്‍ പ്രകടനം നടത്തിയെന്നും ദേവഗിരി ജങ്ഷനില്‍ യോഗം കൂടിയെന്നും ഉദ്യോഗസ്ഥർ മൊഴി നല്‍കി.
ഗതാഗതതടസ്സമുണ്ടായെങ്കിലും പൊലീസുകാർ കുറവായതിനാൽ അറസ്റ്റുചെയ്ത് നീക്കാനായില്ലെന്നും സാക്ഷികൾ പറഞ്ഞു. അഭിഭാഷകരില്ലാത്ത വാസുവിന് എതിർവിസ്താരം നടത്താൻ കോടതി അനുമതി നൽകിയെങ്കിലും എതിർ വിസ്താരമില്ലെന്ന് വാസു അറിയിച്ചു. തുടർന്ന് മറ്റ് സാക്ഷികൾ സെപ്റ്റംബർ നാലിന് ഹാജരാകാനാവശ്യപ്പെട്ട് സമൻസയക്കാൻ ഉത്തരവിട്ട കോടതി റിമാന്റ് കാലാവധി അന്നേക്ക് നീട്ടി. നിലമ്പൂര്‍ കരുളായി കാട്ടില്‍ 2016 നവംബര്‍ 26ന് കൊല്ലപ്പെട്ട മാവോവാദി നേതാക്കൾ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹം കോഴിക്കോട് എത്തിച്ചപ്പോൾ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് കൂട്ടം കൂടി മുദ്രാവാക്യം വിളിച്ച് വഴിതടസ്സപ്പെടുത്തിയെന്നാണ് കേസ്.
വാസുവടക്കം 20 പ്രതികളുള്ള കേസിൽ 17 പേരെയും കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തി കോടതി 2018 മാര്‍ച്ച് 31ന് വെറുതെ വിട്ടിരുന്നു. ഹാജരാവാതിരുന്ന വാസുവടക്കം മൂന്ന് പ്രതികളിൽ രണ്ടു പേര്‍ പിന്നീട് ഹാജരായി കുറ്റം സമ്മതിച്ച് പിഴയടച്ചു.
കോടതിയില്‍ ഹാജരാവാതെ വാറന്റായതിനാൽ ജൂലൈ 29ന് വാസുവിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.