പാഠ്യപദ്ധതി പരിഷ്കരിക്കാതെ പാഠപുസ്തക നവീകരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ ഇനി മുതൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് കാത്തുനിൽക്കാതെ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തീരുമാനം. ഇതുപ്രകാരം പാഠപുസ്തകങ്ങളുടെ നവീകരണം കാലാനുസൃതമായി നടപ്പാക്കാനാകുമെന്നാണ് സംസ്ഥാന വിദ്യാഭ്യാസ പരിശീലന ഗവേഷണ സമിതി (എസ്.സി.ഇ.ആർ.ടി) വിലയിരുത്തൽ. നിലവിൽ പാഠ്യപദ്ധതി പരിഷ്കരണ പ്രകാരം പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങിയാൽ അടുത്ത പരിഷ്കരണം വരെ ഒരേ പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. 2014ൽ സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചശേഷം 2024ലാണ് അടുത്ത പരിഷ്കരണം വന്നത്. പാഠപുസ്തകങ്ങളിൽ മാറ്റവും വരുത്തിയിരുന്നില്ല. ഇതുവഴി വിജ്ഞാന മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ പാഠപുസ്തകങ്ങളിൽ വരാൻ ഏറെ കാലതാമസമെടുക്കുന്നുവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പാഠപുസ്തകങ്ങൾ ഒന്നടങ്കം മാറ്റുന്നതിന് പകരം ആവശ്യമായവ കൂട്ടിച്ചേർക്കുകയും അപ്രസക്തമായവ ഒഴിവാക്കിയും കാലാനുസൃതമായി നവീകരിക്കാനുള്ള നിർദേശം എസ്.സി.ഇ.ആർ.ടി മുന്നോട്ടുവെച്ചതും വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതും.
ഇതുവഴി പുതിയ വിജ്ഞാന മേഖലകൾ സമയബന്ധിതമായി തന്നെ ഉൾക്കൊള്ളിക്കാൻ കഴിയും. 2024ൽ മാറിയ പാഠപുസ്തകങ്ങളും വരുംവർഷങ്ങളിലും നവീകരിക്കും. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ രണ്ടാംഘട്ടം 2025-26 അധ്യയന വർഷത്തിലാണ് നടപ്പാക്കുന്നത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ഈ ഘട്ടത്തിൽ മാറുന്നത്. ഈ പുസ്തകങ്ങളുടെ രചന പൂർത്തിയായിട്ടുണ്ട്. 210ഓളം പുതിയ പുസ്തകങ്ങളാണ് രണ്ടാംഘട്ടത്തിൽ മാറുന്നത്. കരിക്കുലം സബ്കമ്മിറ്റികളുടെ പരിശോധനക്ക് ശേഷം കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരവും നേടി ജനുവരി പകുതിയോടെ ഈ പുസ്തകങ്ങൾ അച്ചടിക്കായി കൈമാറും. പത്താം ക്ലാസിലെ പുസ്തകങ്ങളായിരിക്കും ആദ്യം കൈമാറുക. മാർച്ച് അവസാനത്തോടെ സ്കൂളുകളിൽ വിതരണത്തിന് എത്തിക്കാനാകുംവിധം പത്താം ക്ലാസ് പുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കും. പിന്നീടുള്ള വർഷങ്ങളിൽ ഈ പുസ്തകങ്ങളിലും പരിശോധനയും വിലയിരുത്തലും നടത്തി നവീകരിക്കും.
ഒന്നാം ക്ലാസ് പുസ്തകത്തിലും നേരിയമാറ്റം
ഈ വർഷം പരിഷ്കരിച്ച ഒന്നാം ക്ലാസിലെ പുസ്തകത്തിൽ അടുത്ത വർഷം ചെറിയ മാറ്റങ്ങൾ വരുത്തും. പുസ്തകം സംബന്ധിച്ച് അധ്യാപകരിൽ നിന്നുൾപ്പെടെ ഫീഡ്ബാക്ക് ശേഖരിച്ചാണ് പുസ്തകത്തിൽ നേരിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉള്ളടക്കം കൂടുതലാണെന്നും പഠിപ്പിച്ചു തീരുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. പാഠപുസ്തകത്തിനൊപ്പം വർക്ക് ബുക്ക് കൂടി നൽകിയിരുന്നു. രണ്ട് പുസ്തകങ്ങളിലുമായുള്ള പ്രവർത്തനങ്ങൾ അധികരിച്ചതാണ് പ്രശ്നമായത്. ഉള്ളടക്കത്തിൽ കുറവുവരുത്താതെ തന്നെ മാറ്റങ്ങൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരണം അനുസരിച്ച് പുസ്തകങ്ങൾ മെച്ചപ്പെടുത്തും -മന്ത്രി
അധ്യാപകരിൽനിന്ന് ഫീഡ് ബാക്ക് ശേഖരിച്ച് പുസ്തകം മെച്ചപ്പെടുത്തുമെന്നും അത് സർക്കാർ നയമാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തയാറാക്കിയ പുസ്തകങ്ങളില്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് മാറ്റംവരുത്തിയാല്‍ മതി എന്ന് കരുതുന്നവരുണ്ട്. പ്രായോഗികാനുഭവത്തെ അവഗണിക്കുന്ന ആ സമീപനത്തോട് യോജിപ്പില്ല. നേട്ടങ്ങൾ നിലനിർത്തി നിരന്തരം മെച്ചപ്പെടുത്തുക, കൂടുതൽ ഗുണനിലവാരത്തിലേക്ക് മുന്നേറുക എന്നതാണ് നയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.