പാഠപുസ്തക അച്ചടി പൂർത്തിയാകുന്നു; സ്കൂളുകൾക്കുള്ള വിതരണം തുടങ്ങി
text_fieldsതിരുവനന്തപുരം: യുവാക്കൾക്ക് കേരളത്തിൽതന്നെ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിദ്യാർഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കരമന ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക സൗകര്യങ്ങളൊരുക്കുന്നതിനപ്പുറം കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനായി നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിച്ച് തൊഴിൽ പരിശീലനം നൽകി മുന്നോട്ടുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം കരമന ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥിയായിരുന്ന, അന്തരിച്ച ശാസ്ത്രജ്ഞൻ താണു പത്മനാഭന്റെ പേരിൽ അഞ്ച് കോടി ചെലവിട്ട് നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽ താണു പത്മനാഭന്റെ പേരിൽ ഗവേഷണ സ്ഥാപനമൊരുങ്ങുന്നതും യുവതലമുറയ്ക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷതവഹിച്ചു. ആദ്യഘട്ട വിതരണത്തിനുള്ള 2,84,22,066 പുസ്തകങ്ങൾ എല്ലാ ജില്ലകളിലെയും വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചതായും ഇവിടെനിന്ന് കുടുംബശ്രീ മുഖേന സ്കൂളുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. റീന, കരമന വാർഡ് കൗൺസിലർ ജി.എസ്. മഞ്ജു, കലക്ടർ നവജ്യോത് ഖോസ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, ഗുരുഗോപിനാഥ് നടനകേന്ദ്രം വൈസ് ചെയർമാൻ കരമന ഹരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.