പാഠപുസ്തകങ്ങൾ കിട്ടാനില്ല; വകുപ്പുതല പരീക്ഷയിൽ ഉത്തരംമുട്ടി സർക്കാർ ജീവനക്കാർ
text_fieldsതിരുവനന്തപുരം: അച്ചടി വകുപ്പിന്റെ മെല്ലപ്പോക്കിനെ തുടർന്ന് വകുപ്പുതല പരീക്ഷകളിൽ ഉത്തരംമുട്ടി സർക്കാർ ജീവനക്കാർ. ജീവനക്കാരുടെ പ്രബേഷന്‍ പൂര്‍ത്തിയാക്കല്‍, സ്ഥാനക്കയറ്റം എന്നിവക്കായി കേരള പബ്ലിക് സര്‍വിസ് കമീഷൻ നടത്തുന്ന പരീക്ഷക്ക് മതിയായ പുസ്തകങ്ങൾ യഥാസമയം അച്ചടിക്കാത്തതാണ് ജീവനക്കാരെ കുഴക്കുന്നത്. പുസ്തകങ്ങൾ കിട്ടാതായതോടെ കഴിഞ്ഞദിവസങ്ങളിൽ നടന്ന വകുപ്പുതല പരീക്ഷകളിൽ ഭൂരിഭാഗം ജീവനക്കാരും പാഠപുസ്തകങ്ങൾ ഇല്ലാതെയാണ് പരീക്ഷ എഴുതിയത്.
ജീവനക്കാരുടെ പ്രബേഷന്‍ പൂര്‍ത്തിയാക്കല്‍, സ്ഥാനക്കയറ്റം എന്നിവക്ക് പി.എസ്.സി നിഷ്കര്‍ഷിക്കുന്ന വിവിധ വകുപ്പുതല പരീക്ഷകള്‍ പാസായേ തീരൂ. കാണാതെ പരീക്ഷ എഴുതുന്നതിനൊപ്പം പുസ്തകത്തിന്റെ സഹായത്തോടെ പരീക്ഷ എഴുതേണ്ട പുസ്തകങ്ങളും വകുപ്പുതല പരീക്ഷയുടേതായി ഉണ്ട്. എന്നാൽ പുസ്തകത്തിന്റെ സഹായതോടെ പരീക്ഷ എഴുതേണ്ട കേരള സർവിസ് റൂൾസിൽ വാല്യം 1, കേരള അക്കൗണ്ട് കോഡിൽ വാല്യം 1, 2, 3, കേരള ട്രഷറി കോഡിൽ വാല്യം 1,2 പുസ്തകങ്ങളും കേരള ഫിനാൻഷ്യൽ കോഡ് വാല്യം 1, 2 പുസ്തകങ്ങളും വിപണിയിൽ കിട്ടാത്ത അവസ്ഥയാണ്.
വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിനായി നടത്തുന്ന കേരള എജുക്കേഷനൽ റൂൾസ് പരീക്ഷയുടെ പുസ്തകം അഞ്ചുവർഷമായി അച്ചടിക്കുന്നില്ല. ഓഫിസിന്റെ നടപടിക്രമവുമായി ബന്ധപ്പെട്ട മാനുവൽ ഓഫ് ഓഫിസ് പ്രൊസിഡീങ് (എം.ഒ.പി) പുസ്തകവും ജീവനക്കാർ കണ്ടിട്ട് വർഷങ്ങളായി. സർവിസ് ബുക്കിനും കടുത്ത ക്ഷാമമാണ്. പുസ്തകങ്ങൾക്കാവശ്യമായ പേപ്പർ ലഭ്യമാകാത്തതാണ് അച്ചടി വൈകുന്നതെന്നാണ് വകുപ്പിന്റെ ന്യായീകരണം. സ്റ്റേഷനറി വകുപ്പാണ് പേപ്പർ നൽകേണ്ടത്. എന്നാൽ യഥാസമയം സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സ്റ്റേഷനറി വകുപ്പ് മേലധികാരികളുടെ വിശദീകരണം.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.