വരുമാനം മുടക്കി കോവിഡ്: കപ്പ വിറ്റ് വസ്ത്ര വ്യാപാരി
text_fieldsവെള്ളമുണ്ട (വയനാട്): കോവിഡ് വ്യാപന ഫലമായി നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജീവിക്കാൻ മാർഗമില്ലാതായ വസ്ത്രവ്യാപാരി കപ്പ വിൽപനക്കിറങ്ങി.
24 വർഷമായി വസ്ത്രവ്യാപാര രംഗത്തുള്ള വയനാട് വെള്ളമുണ്ടയിലെ രാജാത്തി ഉസ്മാനാണ് അദ്ദേഹത്തിെൻറ കടയുടെ മുന്നിൽ കപ്പ വിൽക്കുന്നത്. കോവിഡിൽ ചെറുകിട വ്യാപാര മേഖല എത്രമാത്രം പ്രതിസന്ധി നേരിടുന്നുവെന്നതിെൻറ നേർചിത്രമാണിത്.
കഴിഞ്ഞ രണ്ട് പെരുന്നാളും വിഷുവും ഓണവും സ്കൂൾ സീസണുമെല്ലാം കോവിഡ് കവർന്നപ്പോൾ ജീവിക്കാൻ പുതുവഴി തേടേണ്ട അവസ്ഥയിലാണ് ചെറുകിട വസ്ത്ര വ്യാപാരികൾ. ഫാൻസി, ചെരിപ്പ്, വസ്ത്ര മേഖലകളിലെ വ്യാപാരികളാണ് രണ്ടാം കോവിഡ് തരംഗത്തിൽ കട തുറക്കാനാവാതെ കടുത്ത പ്രതിസന്ധിയിലായത്. വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചത് ഇവർക്ക് ഇടിത്തീയായി. ചെറിയ പെരുന്നാൾ ലക്ഷ്യമിട്ട് ലക്ഷങ്ങളുടെ സ്റ്റോക്കാണ്സ്ഥാപനങ്ങളിൽ എത്തിച്ചിരുന്നത്.
ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞതോടെ സൂപ്പർ മാർക്കറ്റുകളിൽ കച്ചവടം വർധിച്ചിരുന്നു. ഭക്ഷ്യവസ്തുക്കൾക്കൊപ്പം മറ്റു സാധനങ്ങളുമായി കടകൾ മിനി സൂപ്പർ മാർക്കറ്റുകളാക്കി വിപുലീകരിക്കാൻ കഴിഞ്ഞവർക്കും പിടിച്ചുനിൽക്കാനാവുന്നു. എന്നാൽ, നിത്യവൃത്തിക്ക് ചെറുകിട കച്ചവടങ്ങൾ നടത്തിപ്പോരുന്നവരാകട്ടെ, അവശ്യ സാധനങ്ങളല്ല എന്നതിെൻറ പേരിൽ അടച്ചിടേണ്ടിവരുന്നു.
വാടകയും ലോൺ തിരിച്ചടവുമെല്ലാം മുടങ്ങുന്നത് ഉടമകളെ പ്രതിസന്ധിയിലാക്കുേമ്പാൾ ശമ്പളം ലഭിക്കാത്തത് തൊഴിലാളികളെ വറുതിയിലാഴ്ത്തുന്നു.
സീസൺ കച്ചവടം കൊണ്ടാണ് 90 ശതമാനം ചെറുകിട വ്യാപാര സ്ഥാപനങ്ങളും പിടിച്ചുനിൽക്കുന്നത്. ഇതാണ് കോവിഡ് കവർന്നത്. കോവിഡ് ഒന്നാം തരംഗത്തിൽ സർക്കാർ പല വിഭാഗങ്ങൾക്കും സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തെ ആയിരക്കണക്കിന് വ്യാപാരികളെ അവഗണിച്ചുവെന്ന വിമർശനം ഉയർന്നിരുന്നു.
ഇത്തവണ സർക്കാർ ക്ഷേമ, സഹായ പദ്ധതികൾ പ്രഖ്യാപിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.