നിയോഗം പൂർത്തിയാക്കി താഹിറ; ഒടുവിൽ രാജ്കുമാറിന്‍റെ ചിതാഭസ്മമെത്തി
text_fieldsതിരുവനന്തപുരം: ഉള്ളം പിടഞ്ഞുള്ള കാത്തിരിപ്പും ഉരുകിയുറച്ച പ്രാർഥനകളും തളംകെട്ടിയ വീട്ടിലേക്ക് കടമ്പകളും കടലുംകടന്ന് രാജ്കുമാറിന്‍റെ ചിതാഭസ്മവുമായി താഹിറയെത്തി. ഉറ്റവനെ അവസാനമായി ഒരുനോക്കുപോലും കാണാൻ കഴിയാഞ്ഞതിന്‍റെ നോവുഭാരം നിറഞ്ഞ മനസ്സും കണ്ണീരുണങ്ങിയ കവിൾത്തടങ്ങളുമായി കാത്തിരിക്കുകയായിരുന്നു കുടുംബം.2020 മേയ് 14നാണ് തമിഴ്നാട് കന്യാകുമാരി അരുമന സ്വദേശി രാജ്കുമാർ അജ്മാനിൽ കോവിഡ് ബാധിച്ച് മരിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കാൻ നിവൃത്തിയില്ലാത്തതിനാൽ അൽഐനിൽ സംസ്കരിച്ചശേഷം ചിതാഭസ്മം അജ്മാൻ ഖലീഫ ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് മരിച്ച പ്രിയതമയുടെ ചാരത്ത് അന്തിയുറങ്ങണമെന്നതായിരുന്നു രാജ്കുമാറിന്‍റെ ആഗ്രഹം. ഇക്കാര്യം മകളോട് രാജ്കുമാർ പങ്കുവെച്ചിരുന്നു. അങ്ങനെയാണ് ഇതുവരെ ഒരുവട്ടംപോലും കണ്ടിട്ടില്ലാത്തയാളിന്‍റെ അന്ത്യാഭിലാഷം നിറവേറ്റുന്നതിനുള്ള നിയോഗം മലയാളി സാമൂഹികപ്രവർത്തക താഹിറ മൂഴിക്കൽ ഏറ്റെടുത്തത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ചിതാഭസ്മവുമായി താഹിറ തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. തുടർന്ന് കാർ മാർഗം കന്യാകുമാരിയിലേക്ക്. ഉച്ചയോടെ രാജ്കുമാറിന്‍റെ വീട്ടിലെത്തി. ചിതാഭസ്മം എത്തുന്നതറിഞ്ഞ് ചടങ്ങുകൾക്കുള്ള മുന്നൊരുക്കങ്ങളുമായി കാത്തിരിക്കുകയായിരുന്നു കുടുംബം. വൈകാരികമായ അന്തരീക്ഷമായിരുന്നു വീട്ടിൽ. മകൻ രാഹുലാണ് താഹിറയിൽനിന്ന് ചിതാഭസ്മം ഏറ്റുവാങ്ങിയത്. 'ചിതാഭസ്മം നാട്ടിലെത്തിക്കാൻ ഒരുമാസമായി ഓടിനടക്കുന്നുണ്ടെങ്കിലും അപ്പോഴൊന്നുമില്ലാത്ത വൈകാരികാവസ്ഥയായിരുന്നു വീട്ടിലെത്തിയപ്പോൾ...
അതുവരെ പിടിച്ചുനിന്നെങ്കിലും കരഞ്ഞുപോയി...' താഹിറയുടെ വാക്കുകൾ ഇങ്ങനെ. വീടിന് തൊട്ടുപിറകിലാണ് രാജ്കുമാറിന്‍റെ ഭാര്യയെ അടക്കം ചെയ്തിരിക്കുന്നത്. ഇതിന് ചാരത്തായി രണ്ടുവർഷമായി രാജ്കുമാറിനും കല്ലറയൊരുക്കി കുടുംബം കാത്തിരിക്കുകയായിരുന്നു. കാർമികരുടെ സാന്നിധ്യത്തിൽ മകൻ രാഹുലാണ് ചിതാഭസ്മം കല്ലറയിൽ അടക്കം ചെയ്തത്.
ദുബൈയിൽ ജോലി ചെയ്യുന്ന കോട്ടയം പെരുവ സ്വദേശി സിജോപോളാണ് രാജ്കുമാർ തങ്കപ്പന്‍റെ മക്കളുടെ ആഗ്രഹപ്രകാരം ചിതാഭസ്മം ആശുപത്രിയിൽ അധികൃതരിൽനിന്ന് കൈപ്പറ്റി സൂക്ഷിച്ചിരുന്നത്. നാട്ടിലെത്തിക്കാനായി ആഗ്രഹിച്ചെങ്കിലും യാത്ര ചെയ്യാനായില്ല. ഇതിനിടെയാണ് സുഹൃത്തിന്‍റെ സമൂഹമാധ്യമത്തിലെ കുറിപ്പ് കണ്ട് രാജ്കുമാറിന്‍റെ കുടുംബവുമായി താഹിറ ബന്ധപ്പെട്ടത്. പിതാവിന്‍റെ ചിതാഭസ്മം ദുബൈയിൽ ഒരാൾ സൂക്ഷിക്കുന്ന വിവരം ഇവരോട് മക്കൾ വെളിപ്പെടുത്തി. തുടർന്ന് താഹിറ സിജോയുമായി ബന്ധപ്പെട്ട് ചിതാഭസ്മം എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.