'ശ്രീലങ്കൻ ബോട്ടുകളിൽ നിന്ന് ആയുധം പിടിച്ചെടുത്തതിന് ലക്ഷദ്വീപുകാർ എന്ത് പിഴച്ചു'; കിൽത്താൻ ദ്വീപിൽ നിന്നും തഖിയുദ്ദീൻ അലി എഴുതുന്നു
text_fieldsലക്ഷദ്വീപിെൻറ ഭാഗമായ കിൽത്താൻ ദ്വീപ് സ്വദേശി തഖിയുദ്ദീൻ അലി സി.എച് എഴുതുന്നു. മലപ്പുറം ഗവ: കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമാണ് തഖിയുദ്ദീൻ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ത്രിവർണപതാക നെഞ്ചിലേറ്റി സ്വാതന്ത്ര്യ ദിനങ്ങളെ ആർഭാടമായി ആഘോഷിക്കുന്ന, ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നവരാണ് ഞങ്ങൾ .മഹാത്മജിയുടെ കേരളാ സന്ദർശന വിവരമറിഞ്ഞ് ആ വലിയ മനുഷ്യനെ കൺ കുളിർക്കെ കാണാൻ കടൽ തിരമാലകളെ താണ്ടി ചെറു വള്ളങ്ങളിൽ ആവേശത്തോടെ തോണി തുഴഞ്ഞവരാണു ഞങ്ങളുടെ പൂർവികർ.ഗാന്ധിജിയെ കണ്ട ശുഭ മുഹൂർത്തങ്ങൾ പായ്ക്കപ്പലുകളിലെ സാഹസിക മുഹൂർത്തങ്ങളിൽ അധരങ്ങളിലൂടെ ഈണമിട്ട് പാടി ഹർഷപുളകിതരായ പൂർവികരുടെ സന്തതികളാണു ഞങ്ങൾ.
പറങ്കികളുടെ അധിനിവേശങ്ങൾ കല്ലും മണ്ണുമുപയോഗിച്ച് ചെറുത്ത് തോൽപ്പിച്ച ധീരരായ തലമുറയുടെ രക്തമാണ് ഈ സിരകളിലുമുള്ളത്.പറങ്കികൾ നടത്തിയ കൂട്ടക്കുരുതിയിൽ പൊലിഞ്ഞു പോയ രക്തസാക്ഷികളുടെ പിൻ തലമുറക്കാരാണു ഞങ്ങൾ.
ബ്രിട്ടീഷുകാർക്കെതിരായ മലബാർ വിപ്ലവങ്ങൾക്ക് ഊർജം പകർന്ന ആലി മുസ്‌ലിയാരെ പോലുള്ളവർ ആദർശം പഠിപ്പിച്ച് കൊടുത്ത തലമുറയുടെ പിൻമുറക്കാർ ഞങ്ങൾ ...
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം മൂന്ന് മാസങ്ങൾ കഴിഞ്ഞാണ് ഇവിടെ സ്വാതന്ത്ര്യ വിവരമറിയുന്നത് എന്ന് കേട്ടിട്ടുണ്ട് . ഇതിനിടയിൽ പാകിസ്താൻ കപ്പൽ 'ലകഡീവ്' കയ്യേറാൻ വരുന്നുണ്ടെന്ന വാർത്ത കാലേക്കൂട്ടി കണ്ടറിഞ്ഞ് ഇന്ത്യയുടെ ത്രിവർണപ്പതാക ദ്വീപുകളിൽ പാറിപ്പറത്തിയ കഴിഞ്ഞ തലമുറയുടെ പിൻമുറക്കാറാണ് ഞങ്ങൾ .
എന്നിട്ടും ചില ഫാഷിസ്റ്റ് ശക്തികൾ കള്ളവാർത്തകൾ പ്രചരിപ്പിച്ച് ഞങ്ങളുടെ അഭിമാനത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നു.ഇവിടെ അധിവസിക്കുന്നവർ ഒരു മതത്തിൽ പെട്ടവരാണെന്ന ഒറ്റക്കാരണം കൊണ്ട് നിഷ്കളങ്കരായ ദ്വീപ് സമൂഹത്തിനെ അടിച്ചമർത്താൻ ശ്രമിക്കരുത് .ഇവിടെ വരുന്ന ഓരോ മനുഷ്യരെയും സ്വീകരിക്കുന്നത് അവരുടെ മതമോ ജാതിയോ വർഗമോ ചോദിച്ച് കൊണ്ടല്ല .വാർത്താ മാധ്യമങ്ങളിൽ കാണുന്ന വീഡിയോസ് നോക്കിയാൽ അത് കൃത്യമായി മനസ്സിലാവുന്നതാണ് .
ഞങ്ങൾ ഇന്ന് പ്രതിഷേധിക്കുന്ന അഡ്മിനിട്രേറ്റർ വന്നപ്പോഴും ആചാരമര്യാദകൾ അനുസരിച്ച് പരിചക്കളിയും ഒപ്പനയും കോൽക്കളിയുമായി ഒരു രാജാവിനെ സ്വീകരിക്കുന്നത് പോലെയാണു ഞങ്ങൾ സ്വീകരിച്ചത്.
ആയുധങ്ങളും മയക്കുമരുന്നും ലക്ഷദ്വീപിൽ നിന്ന് പിടിച്ചെടുത്തത്രെ !. ഇന്ത്യൻ നേവി ശ്രീലങ്കൻ ബോട്ടുകളിൽ നിന്ന് ആയുധം പിടിച്ചെടുത്തതിന് ലക്ഷദ്വീപുകാർ എന്ത് പിഴച്ചു ??!ലക്ഷദ്വീപ് സ്ഥിതി ചെയ്യുന്നത് ഇൻറർ നാഷണൽ സീ റൂട്ടിലാണ്.രാജ്യാതിർത്തിയിലുമാണ് ..ഞങ്ങൾ ഇന്ത്യയുടെ സിവിൽ ഗാർഡിയനുകളുമാണ്.അത് കൊണ്ട് അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ അത് ലക്ഷദ്വീപുകാരന്റെ തെറ്റാവുന്നത് എങ്ങനെയാണ്?.
രാജ്യത്തിന്റെ വളരെ തന്ത്രപ്രധാനമായ അതിർത്തിയാണ് ലക്ഷദ്വീപ് .ഇവിടെ അത് നിയന്ത്രിക്കാൻ നേവിയും കോസ്റ്റ് ഗാർഡും പൊലീസും ഒക്കെയുണ്ട് ..എത്രയോ വിദേശ കൊള്ളക്കടത്തുകാരെ ലക്ഷദ്വീപ് കോസ്റ്റ് ഗാർഡും നേവിയും പല തവണ പിടിച്ചിട്ടുണ്ട് ..
വസ്തുതാപരമായ ആരോപണം ഉന്നയിക്കുന്നവരെ വെല്ലുവിളിക്കുന്നു.ഏതെങ്കിലും ഒരു കള്ളക്കടത്തിലോ ആയുധക്കടത്തിലോ ഭീകരവാദപ്രവർത്തനങ്ങളിലോ ഏതെങ്കിലുമൊരു ലക്ഷദ്വീപുകാരൻ ഉൾപ്പെട്ടതായുള്ള സത്യ സന്ധമായ ഒരു വാർത്തയെങ്കിലും കാണിക്കാൻ പറ്റുമോ ?. പിന്നെ അവർ പ്രചരിപ്പിക്കുന്നത് ആയുധക്കടത്തും തീവ്രവാദവും ദ്വീപുകളിൽ എത്തിക്കുന്നത് കേരളത്തിലെ മത മൗലികവാദികളാണേത്ര !!
ഹാ കഷ്ടം .
കേരളീയർ ഞങ്ങളുടെ സഹോദരങ്ങളാണ് ..അവരില്ലായിരുന്നുവെങ്കിൽ ഈ ഫാസിസ്റ്റ് ശക്തികൾ പണ്ടേ ഞങ്ങളെ കൊന്ന് കടലിൽ തള്ളിയേനേ .ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിൽക്കുന്നു കേരളീയരെ കുറിച്ച് ഇങ്ങനയൊക്കെ പടച്ചു വിടുമ്പോൾ ലോകം അത് വിശ്വസിക്കും എന്നാണിവർ കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി.കേരളീയർ പ്രബുദ്ധരാണ്. ചിറകിനടിയിൽ തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ അവർ ഞങ്ങളെ പരിരക്ഷിക്കുന്നു .ഈ ആത്മ ബന്ധത്തെ , സൗഹൃദത്തെ , കരുതലിനെ തകർക്കാൻ ഫാഷിസ്റ്റ് അജണ്ടകൾക്ക് ഒരിക്കലും കഴിയില്ല .തീർച്ച .
കേരളമേ...
തീർത്താൽ തീരാത്ത കടപ്പാടും നന്ദിയുമുണ്ട് .ഫാഷിസ്റ്റ് അധിനിവേശത്തിനെതിരെ ഞങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം നൽകിയതിന്.കോവിഡ് മഹാമാരിയും ബ്ലാക് ഫംഗസും എല്ലമായി ബുദ്ധിമുട്ടുന്ന ഈ വേളയിലും ഞങ്ങൾക്ക് വേണ്ടി കൈ കോർത്തതിന്....
ചെറുത്ത് തോൽപ്പിക്കുന്നതുവരെ കൂടെ ഉണ്ടാവുമെന്ന് നിങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.. പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.