തലശ്ശേരി ബിഷപ്പിന്റെ പരാമർശം ബി.ജെ.പി നേതാക്കളുമായി ചർച്ചക്കുശേഷം
text_fieldsതലശ്ശേരി: റബർവില 300 രൂപയായി പ്രഖ്യാപിച്ചാൽ ലോക്സഭ തെരഞ്ഞടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്ന തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കുശേഷം. ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ. ഹരിദാസും ന്യൂനപക്ഷ മോർച്ച നേതാക്കളുമാണ് ബിഷപ്പുമായി ചർച്ച നടത്തിയത്. ബിഷപ്പിന്റെ വിവാദ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ കൂടിക്കാഴ്ച വിവരങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ ബി.ജെ.പി നേതാക്കൾ തന്നെയാണ് പുറത്തുവിട്ടത്.
ആലക്കോട് നടന്ന കർഷക റാലിയിലായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്ന ബിഷപ്പിന്റെ പ്രതികരണമുണ്ടായത്. ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് അരുൺ തോമസ്, സംസ്ഥാന കോഡിറ്റേർ ഡോ. അനൂപ് തോമസ്, എ വൺ ജോസ് എന്നിവരാണ് ബിഷപ്പിനെ സന്ദർശിച്ചത്. കുടിയേറ്റ ജനതയുടെ ആശങ്ക ബിഷപ്പ് ബി.ജെ.പി നേതാക്കളെ ധരിപ്പിച്ചതായാണ് വിവരം. കർഷകനുവേണ്ടി നിലകൊള്ളുന്ന ഏതു സർക്കാറിനെയും തങ്ങൾ പിന്തുണക്കും. അതിൽ രാഷ്ട്രീയം നോക്കാതെ നിലകൊള്ളുമെന്ന് ബിഷപ് വ്യക്തമാക്കിയെന്നുമാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.
അതിനിടെ, പരാമാർശം വിവാദമായതോടെ ബി.ജെ.പി രാജ്യം ഭരിക്കുന്ന പാർട്ടിയാണെന്നും പള്ളിയാക്രമിക്കുന്ന, കേവലം സംഘിയായി മാത്രം കാണേണ്ടതില്ലെന്നും പാംപ്ലാനി മാധ്യമങ്ങളോട് പ്രതികരിച്ചു. പറഞ്ഞതിൽനിന്ന് അണുപോലും മാറാൻ ഉദ്ദേശിക്കുന്നില്ല. കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന സമ്മേളനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞയാഴ്ച ന്യൂനപക്ഷ സെല്ലിന്റെ പ്രവർത്തകർ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.